വിശാഖപട്ടണം: ആന്ധ്രപ്രദേശിലെ വിശാഖപട്ടണത്ത് സ്‌കൂൾ കുട്ടികളുമായി സഞ്ചരിച്ച ഓട്ടോറിക്ഷ അമിതവേഗത്തിൽ ലോറിയുടെ കുറുകെ പാഞ്ഞു കയറി അപകടം. ലോറിയുമായുള്ള കൂട്ടിയിടിച്ച ഓട്ടോറിക്ഷ തലകുത്തനെ മറിയുകയും ചില കുട്ടികൾ തെറിച്ച് പോകുകയും ചെയ്തു. എട്ട് വിദ്യാർത്ഥികളെ കുത്തിനിറച്ചാണ് ഓട്ടോ സഞ്ചരിച്ചത്. അപകടത്തിന്റെ ദൃശ്യങ്ങൾ സമീപത്തെ സിസിടിവിയിൽ പതിഞ്ഞു.
രാവിലെ ഏഴ് മണിക്ക് ബഥനി സ്‌കൂളിലേക്ക് പോകുകയായിരുന്ന വിദ്യാർത്ഥികളാണ് അപകടത്തിൽപ്പെട്ടത്. വിശാഖപട്ടണത്തെ സംഘം സരദ് തിയേറ്റർ ജംഗ്ഷന് സമീപത്തെ ഫ്‌ളൈഓവറിന് കീഴിലാണ് അപകടമുണ്ടായത്. സ്ഥലത്തുണ്ടായിരുന്ന നാട്ടുകാർ ഓടിക്കൂടിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.
അപകടത്തിൽപ്പെട്ട കുട്ടികളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇതിൽ നാല് പേരെ വീട്ടിലേക്ക് മടക്കി അയച്ചു. ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരു കുട്ടിയുടെ നില ഗുരുതരമാണെന്ന് പൊലീസ് അറിയിച്ചു.
രണ്ട് വാഹനങ്ങളും ഓടിച്ചിരുന്ന ഡ്രൈവർമാരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്. ലോറിക്ക് ഈ സമയം തിരക്കുള്ള റോഡിൽ കൂടി കടന്ന് പോകുന്നതിന് അനുമതിയുണ്ടോ എന്നകാര്യം പരിശോധിക്കുകയാണെന്ന് മുതിർന്ന പൊലീസ് ഉദ്യോഗസ്ഥൻ ശ്രീനിവാസ റാവു പറഞ്ഞു.