റിയാദ്: വിമാന യാത്രക്കാരുടെ അവകാശങ്ങൾക്ക് പുതിയ നിയമാവലി പുറത്തുവിട്ട് സൗദി അറേബ്യ. സൗദി വിമാന കമ്പനികൾക്കും സൗദിയിലെ വിമാനത്താവളങ്ങളിലേയ്ക്കും തിരിച്ചും സർവീസ് നടത്തുന്ന വിദേശ വിമാന കമ്പനികൾക്കും നിയമാവലി ബാധകമാണ്. യാത്രയ്ക്കിടെ വിമാനം വെെകിയാലും യാത്രയ്ക്ക് തടസം നേരിട്ടാലും നഷ്ടപരിഹാരം നൽകേണ്ടതാണ്. സർവീസ് റദ്ദാക്കുന്ന പക്ഷം യാത്രക്കാരെ മുൻകൂട്ടി വിവരം അറിയിക്കുന്ന കാലയളവിന് അനുസരിച്ച് യാത്രക്കാർക്ക് ടിക്കറ്റ് നിരക്കിന്റെ 150 ശതമാനം വരെ നഷ്ടപരിഹാരമായി ലഭിക്കും.
പഴയ നിയമാവലിയിൽ ഇത്തരം സാഹചര്യങ്ങളിൽ ടിക്കറ്റിന് തുല്യമായ തുകയാണ് നഷ്ടപരിഹാരമായി നൽകിയിരുന്നത്. പുതിയ നിയാമവലി പ്രകാരം 200 ശതമാനം നഷ്ടപരിഹാരമാണ് വിഴ്ചകൾക്ക് ഉറപ്പാക്കുന്നത്. ബുക്കിംഗ് നടത്തുമ്പോൾ പ്രഖ്യാപിക്കാത്ത സ്റ്റോപ്പ്ഓവർ പിന്നീട് ഉൾപ്പെടുത്തുന്ന സാഹചര്യത്തിൽ പുതിയതായി ഉൾപ്പെടുത്തുന്ന ഓരോ സ്റ്റോപ്പ്ഓവറിനും 500 റിയാൽ വരെ തോതിൽ നഷ്ടപരിഹാരം ലഭിക്കും. വികലാംഗർക്ക് സീറ്റ് നിഷേധിക്കുന്ന പക്ഷം ടിക്കറ്റ് നിരക്കിന്റെ 200 ശതമാനത്തിന് തുല്യമായ തുക നഷ്ടപരിഹാരം നൽകണമെന്നും വീൽചെയർ ലഭ്യമാക്കാത്തതിന് 500 റിയാൽ നഷ്ടപരിഹാരം നൽകണമെന്നും പുതിയ നിയമാവലിയിൽ വ്യക്തമാക്കുന്നു.
കൂടാതെ, ലഗേജിന്റെ അസൗകര്യം കണക്കിലെടുത്ത്, കാലതാമസമെടുക്കുന്ന ആദ്യ ദിവസം നഷ്ടപരിഹാരം 740 റിയാലായും തുടർന്നുള്ള ഓരോ ദിവസത്തിനും അഞ്ച് ദിവസം വരെ 300 റിയാലായും ഗണ്യമായി വർദ്ധിപ്പിച്ചു. വേഗത്തിലും കാര്യക്ഷമമായും ബാഗേജ് കൈകാര്യം ചെയ്യാൻ എയർലൈനുകളെ പ്രേരിപ്പിക്കുന്നതിനാണിത്. ഒപ്പം ബാഗേജ് നഷ്ടപ്പെടുന്നതിനും ലഗേജ് കേടാകുന്നതിനും പുതിയ നിയമാവലിയിൽ 6,568 റിയാൽ നഷ്ടപരിഹാരം നൽകണം.