ന്യൂഡൽഹി: സ്റ്റേ നിലനിൽക്കെ സംസ്ഥാനങ്ങൾ അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് വാഹനങ്ങളിൽ നിന്ന് പ്രവേശന നികുതി ഈടാക്കുന്നതിൽ അതൃപ്തി പ്രകടമാക്കി സുപ്രീംകോടതി. കേരളം, തമിഴ്നാട് സംസ്ഥാനങ്ങൾ കോടതിയുടെ ഇടക്കാല ഉത്തരവ് പാലിക്കാതെ നികുതി പിരിക്കുന്നുവെന്ന് ബസ് ഉടമകൾ അറിയിച്ചതോടെയാണ് കോടതി അതൃപ്തി അറിയിച്ചത്.
ഇതോടെ ഉത്തരവ് പാലിക്കാമെന്ന് കേരളവും തമിഴ്നാടും സുപ്രീംകോടതിയിൽ ഉറപ്പ് നൽകി. ഇതോടെ സുപ്രീംകോടതിയെ സമീപിച്ച റോബിൻ ബസ് ഉടമ ഉൾപ്പെടെയുള്ളവരിൽ നിന്ന് കേരള തമിഴ്നാട് സർക്കാരുകൾ ഇനി പ്രവേശന നികുതി ഈടാക്കില്ലെന്ന് ഉറപ്പായി.
അഖിലേന്ത്യ ടൂറിസ്റ്റ് പെർമിറ്റ് ചട്ടപ്രകാരം പെർമിറ്റ് ഫീസ് നൽകിയാൽ നികുതി നൽകേണ്ടെന്നാണ് സ്വകാര്യ ബസ് ഉടമകളുടെ വാദം. എന്നാൽ പെർമിറ്റ് ഫീസിൽ അന്തർ സംസ്ഥാന നികുതി ഉൾപ്പെടുന്നില്ലെന്ന് കാട്ടി കേരളം അടക്കമുള്ള സംസ്ഥാനങ്ങൾ നികുതി ഈടാക്കിയിരുന്നു. ഇതിനെതിരെയാണ് റോബിൻ ബസിന്റെ ഉടമ ഉൾപ്പെടെയുള്ള 94 ബസ് ഉടമകൾ ഹർജി നൽകിയത്.
ഈ ഹർജിയിൽ കോടതി നേരത്തെ പ്രവേശന നികുതി പിരിവിന് ഇടക്കാല സ്റ്റേ ഏർപ്പെടുത്തിയിരുന്നു. എന്നാൽ ഈ ഉത്തരവ് നിലനിൽക്കെ കേരളവും തമിഴ്നാടും പ്രവേശന നികുതി ഈടാക്കുന്നുവെന്ന് ഉടമകൾ സുപ്രീംകോടതിയെ അറിയിക്കുകയായിരുന്നു. പാതിരാത്രിയും പുലര്‍ച്ചെയും പോലും വാഹനങ്ങള്‍ തടഞ്ഞുനിര്‍ത്തി നികുതി പിരിക്കുന്നുവെന്നും യാത്രക്കാര്‍ക്ക് ഇത് ബുദ്ധിമുട്ട് നേരിടുന്നുവെന്നും ഹര്‍ജിക്കാര്‍ കോടതിയെ അറിയിച്ചു.
നികുതി പിരിക്കുന്നവർക്കെതിരെ കോടതിയലക്ഷ്യ ഹർജി നടപടി സ്വീകരിക്കണമെന്ന് സ്വകാര്യ വാഹന ഉടമകൾക്ക് വേണ്ടി ഹാജരായ സീനിയർ അഭിഭാഷകൻ എസ് മുരളീധർ ആവശ്യപ്പെട്ടു. പിന്നാലെയാണ് നികുതി പിരിക്കില്ലെന്ന് കേരളവും തമിഴ്നാടും അറിയിച്ചത്.