ന്യൂഡൽഹി: ലോകകപ്പിൽ ഓസ്ട്രേലിയക്കെതിരായ ഇന്ത്യയുടെ തോൽവിക്ക് കാരണം പ്രധാനമന്ത്രി നരേന്ദ്ര മോദിയെന്ന് പരോക്ഷമായി പരിഹസിച്ച് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധി. ഇന്ത്യൻ ടീമിന്റെ തോൽവിക്ക് കാരണം മോദിയുടെ സാന്നിദ്ധ്യമാണെന്നായിരുന്നു രാജസ്ഥാനിലെ ജലോറിൽ നടന്ന റാലിയെ അഭിസംബോധന ചെയ്ത് സംസാരിക്കവേ രാഹുൽ പറഞ്ഞത്. റാലിക്കിടെ ജനക്കൂട്ടത്തിൽ നിന്നാരോ ‘പനോട്ടി’ (നിർഭാഗ്യവാൻ, ദുശ്ശകുനം) എന്ന് ഉറക്കെ വിളിച്ചുപറയുന്നുണ്ടായിരുന്നു. ഇതുകേട്ടതിന് പിന്നാലെയാണ് രാഹുൽ മോദിയെ പരോക്ഷമായി പരിഹസിച്ചത്. ‘ശരിയാണ് ദുശ്ശകുനം…നമ്മുടെ ആൺകുട്ടികൾ വളരെ എളുപ്പത്തിൽ ലോകകപ്പ് ജയിക്കുമായിരുന്നു. എന്നാൽ ഒരു ദുശ്ശകുനം നമ്മളെ തോൽക്കാനിടയാക്കി. ഇത് മാദ്ധ്യമങ്ങളൊന്നും ചൂണ്ടിക്കാട്ടില്ലെങ്കിലും ജനങ്ങൾക്ക് അറിയാം’- എന്നാണ് മോദിയുടെ പേരെടുത്ത് പറയാതെ രാഹുൽ പറഞ്ഞത്.
രാഹുൽ ഗാന്ധിയുടെ പരാമർശം വിവാദമായതിന് പിന്നാലെ മാപ്പ് പറയണമെന്നാവശ്യപ്പെട്ട് രംഗത്ത് വന്നിരിക്കുകയാണ് ബിജെപി. ‘രാഹുൽ ഗാന്ധിയ്ക്ക് എന്താണ് പറ്റിയത്? രാജ്യത്തിന്റെ പ്രധാനമന്ത്രിക്കെതിരെയാണ് ഇത്തരം വാക്കുകൾ ഉപയോഗിച്ചത്. നമ്മുടെ പ്രധാനമന്ത്രി കളിക്കാരെ കണ്ട് അവർക്ക് പ്രചോദനം നൽകുകയാണ് ചെയ്തത്. ജയിക്കുന്നതും തോൽക്കുന്നതും കളിയുടെ ഭാഗമാണ്. രാഹുൽ ഗാന്ധി മാപ്പ് പറയണം’- ബിജെപി നേതാവ് രവിശങ്കർ പ്രസാദ് ആവശ്യപ്പെട്ടു.