ദോഹ: ഇസ്രായേലുമായുള്ള യുദ്ധം അവസാനിക്കുന്നുവെന്ന സൂചന നൽകി ഹമാസ് നേതാവ് ഇസ്മായിൽ ഹനിയ. എക്‌സിൽ പോസ്റ്റ് ചെയ്ത സന്ദേശത്തിലാണ് ഇത്തരമൊരു അവകാശവാദം. ഒക്ടോബർ ഏഴിന് നടന്ന അക്രമത്തിന് പിന്നാലെ ബന്ദികളാക്കിയ 240 പേരെ വിട്ടയക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചകൾ നടക്കുന്നതായും ഹനിയ അറിയിച്ചു.
ഇതുവരെയുള്ള അക്രമത്തിൽ 1200ൽ അധികം പേരെയാണ് ഹമാസ് കൊലപ്പെടുത്തിയത് . ഇതിൽ ഭൂരിഭാഗവും ഇസ്രായേലി സിവിലിയൻസ് ആണ്. ഹമാസ് നടത്തിയ ആക്രമണത്തിനും തുടർന്നുള്ള തട്ടിക്കൊണ്ടുപോകലുകൾക്കും തിരിച്ചടിയെന്നോണം ഇസ്രായേൽ പാലസ്തീനിൽ കനത്ത ബോംബാക്രമണം നടത്തുകയും ചെയ്തു. ഹമാസിനെ പൂർണമായും തകർക്കുകയും ബന്ദികളെ മോചിപ്പിക്കുകയുമായിരുന്നു ഇസ്രായേലിന്റെ ലക്ഷ്യം.
ഗാസയിൽ ഇസ്രായേൽ നടത്തിയ ആക്രമണത്തിൽ നിരവധി കുട്ടികളുളൾപ്പെടെ 13,300 പേർ കൊല്ലപ്പെട്ടുവെന്നാണ് ഹമാസ് പറയുന്നത്. ഖത്തറിന്റെ നേതൃത്വത്തിലാണ് ഇപ്പോൾ മധ്യസ്ഥ ചർച്ചകൾ പുരോഗമിക്കുന്നത്. ബന്ദികളെ മോചിപ്പിക്കുന്നത് സംബന്ധിച്ച് ഒരു ഉടമ്പടിയിലേക്ക് ഇരുപക്ഷവും അടുക്കുന്നുവെന്നാണ് തനിക്ക് ലഭിച്ച വിവരമെന്ന് അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ പ്രതികരിച്ചു.
അഞ്ച് ദിവസത്തെ വെടിനിർത്തൽ പ്രഖ്യാപിക്കുന്നതിന് പകരമായി ബന്ദികളാക്കപ്പെട്ടവരെ വിട്ടയക്കുമെന്നതാണ് പ്രശ്നപരിഹാരത്തിന് തുടക്കമെന്ന രീതിയിൽ ഉയരുന്ന ചർച്ചയെന്ന് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്യുന്നു.
ഇപ്പോൾ മുന്നോട്ടുവച്ചിരിക്കുന്ന ആവശ്യം അനുസരിച്ച് 300 പാലസ്തീനികളെ ഇസ്രായേൽ ജയിലിൽ നിന്ന് വിട്ടയക്കുകയെന്ന ആവശ്യവും ഉൾപ്പെടുന്നു. ഇതിൽ നിരവധി സ്ത്രീകളും കുട്ടികളും അടങ്ങിയിട്ടുണ്ട്. ചർച്ചകളിൽ വളരെ പ്രതീക്ഷയുണ്ടെന്നും എന്നാൽ കൂടുതൽ വിവരങ്ങൾ ഇപ്പോൾ പുറത്തുവിടാൻ കഴിയില്ലെന്നുമാണ് വൈറ്റ്ഹൗസ് വ്യക്തമാക്കുന്നത്.