മലപ്പുറം: മുസ്ലീം ലീഗ് നേതാക്കൾ പാണക്കാട് അടിയന്തര യോഗം ചേരുന്നു. സാദിഖ് അലി ശിഹാബ് തങ്ങൾ, പി കെ കുഞ്ഞാലിക്കുട്ടി, പി എം എ സലാം തുടങ്ങിയവർ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്. നവകേരള സദസിലെ ലീഗ് സാന്നിദ്ധ്യവും കേരള ബാങ്ക് ഡയറക്ടർ വിഷയവും യോഗത്തിൽ ചർച്ചയാകുമെന്നാണ് വിവരം. ലീഗിൽ നിന്ന് ആരും നവകേരള സദസിൽ പങ്കെടുക്കില്ലെന്നതാണ് തീരുമാനമെന്ന് നേതാക്കൾ വ്യക്തമാക്കി. യുഡിഎഫ് ഇക്കാര്യം വ്യക്തമാക്കിയതാണെന്നും നേതാക്കൾ യോഗത്തിനിടെ മാദ്ധ്യമങ്ങളോട് പറഞ്ഞു. മുസ്ലീം ലീഗ് സംസ്ഥാന കൗൺസിൽ അംഗം എൻ എ അബൂബക്കർ ഹാജി നവകേരള സദസിൽ പങ്കെടുത്തതിലും നേതാക്കൾ പ്രതികരിച്ചു. അബൂബക്കർ ഹാജി നിലവിൽ ഭാരവാഹി അല്ലെന്നും ഭാരവാഹികൾ ആരും പങ്കെടുക്കില്ലെന്നുമായിരുന്നു ലീഗ് നേതാക്കളുടെ പ്രതികരണം. എൻ എ അബൂബക്കർ ഹാജി നവകേരള സദസ് പ്രഭാത യോഗത്തിലാണ് പങ്കെടുത്തത്. ജില്ലയിലെ വ്യവസായ പ്രമുഖനാണ് അദ്ദേഹം. മുഖ്യമന്ത്രി പിണറായി വിജയന്റെ തൊട്ടടുത്താണ് അബൂബക്കർ ഹാജിക്ക് സീറ്റ് നൽകിയത്. രാഷ്ട്രീയപരമായി പ്രശ്നമാകുമോയെന്ന് ചിന്തിച്ചില്ലെന്നും നാടിന്റെ പ്രശ്നങ്ങളാണ് അവതരിപ്പിച്ചതെന്നും അബൂബക്കർ ഹാജി പറഞ്ഞു. മുസ്ളീം ലീഗ് ജില്ലാ സെക്രട്ടറി പി അബ്‌ദുൾ ഹമീദ് കേരളബാങ്ക് ഡയറക്ടർ പദവി സ്വീകരിച്ചതാണ് വിവാദമായത്. പാലസ്തീൻ ഐക്യദാർഡ്യ റാലിയിലേക്കുള്ള സി പി എം ക്ഷണം സംബന്ധിച്ച വിവാദങ്ങൾ കെട്ടടങ്ങുന്നതിനിടെയാണ് സി പി എം നേതൃത്വത്തിലുള്ള കേരള ബാങ്ക് ഭരണസമിതിയിൽ ലീഗ് അംഗത്തെ പാർട്ടി അനുമതിയോടെ ഉൾക്കൊള്ളിച്ചിരിക്കുന്നത്.