കോട്ടയം മാഞ്ഞൂരിൽ അകാരണമായി കെട്ടിട നമ്പർ നിഷേധിച്ച പഞ്ചായത്തിനെതിരെ റോഡിൽ കിടന്ന് പ്രതിഷേധിച്ച പ്രവാസി സംരംഭകനെതിരെ പൊലീസ് കേസെടുത്തു. ഷാജി ജോർജ് യുകെയിലേക്ക് മടങ്ങിയതിന് പിന്നാലെ ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെട്ട് നോട്ടീസ് അയച്ചു. സ്വാഭാവിക നടപടി ക്രമത്തിന്റെ ഭാഗമായുള്ള കേസാണെന്നാണ് കടുത്തുരുത്തി പൊലീസിന്റെ വിശദീകരണം.
ഏഴാം തീയതിയായിരുന്നു മാഞ്ഞൂർ പഞ്ചായത്ത് ഓഫീസിന് മുന്നിൽ ഷാജി മോൻ ജോർജ് എന്ന പ്രവാസി സംരംഭകൻ പ്രതിഷേധിച്ചത്. പഞ്ചായത്തിനെതിരായ ഷാജിയുടെ പ്രതിഷേധം സംസ്ഥാനത്തിന്റെയാകെ ശ്രദ്ധ ആകർഷിച്ചു. മന്ത്രിമാരടക്കം നേരിട്ട് ഇടപെട്ട് രണ്ട് മണിക്കൂർ കൊണ്ട് പ്രശ്നത്തിന് പരിഹാരവും കണ്ടു. പ്രശ്നങ്ങൾ അവസാനിച്ചെന്ന് കരുതി ഷാജിമോൻ തിരികെ യുകെയിലേക്ക് മടങ്ങിയതിനു പിന്നാലെയാണ് പൊലീസിന്റെ ഇപ്പോഴത്തെ നടപടി.
സമര ദിനത്തിൽ ഷാജിമോൻ ഗതാഗത തടസവും പൊതുജന ശല്യവും ഉണ്ടാക്കിയെന്നും പഞ്ചായത്ത് കോമ്പൗണ്ടിൽ അതിക്രമിച്ചു കയറി സമരം ചെയ്തെന്നും ആരോപിച്ചാണ് കടുത്തുരുത്തി പൊലീസ് കേസെടുത്തിരിക്കുന്നത്. എന്നാൽ ഏഴാം തീയതി രജിസ്റ്റർ ചെയ്ത എഫ്ഐആറിന്റെ കാര്യം പൊലീസ് തന്നിൽ നിന്ന് മറച്ചുവച്ചെന്ന് ഷാജിമോൻ വ്യക്തമാക്കുന്നത്.