തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ സമൂഹമാധ്യമ ടീമിന്റെ പ്രവർത്തന കാലാവധി ഒരു വർഷത്തേക്ക് നീട്ടി. 12 പേരടങ്ങുന്ന സംഘത്തിന്റെ കരാർ നീട്ടിയത്. പ്രതിവർഷം 80 ലക്ഷം രൂപയാണ് ഇവർക്കായി ശമ്പളത്തിനായി ചെലവിടുന്നത്. മുഖ്യമന്ത്രിയുടെ സാമൂഹികമാധ്യമ ഹാന്‍ഡിലുകളുടെ പ്രവർത്തനം മുടങ്ങാതിരിക്കാനും, ഹാൻഡിലുകളുടെ പ്രവർത്തനം മുന്നോട്ടു കൊണ്ടുപോകാനെന്നും ചൂണ്ടിക്കാട്ടിയാണ് കരാർ പുതുക്കിയത്. ഇതുസംബന്ധിച്ച് ഇൻഫർമേഷൻ ആന്റ് പബ്ലിക്ക്റിലേഷൻസ് വകുപ്പാണ് 16ാം തീയതി മുതൽ കാലാവധി നീട്ടി ഉത്തരവിറക്കിയത്. ടീം ലീഡർ, കണ്ടന്റ് മാനേജർ, സീനിയർ വെബ് അഡ്‌മിനിസ്ട്രേറ്റർ, സോഷ്യൽ മീഡിയ കോ–ഓർഡിനേറ്റർ തുടങ്ങിയവാണ് സംഘത്തിലുള്ളത്. ഇതിനായി ടീമിനെ നിയമിച്ചത് മുൻപ് വിവാദമായിരുന്നു. പിആർഡിയിലും, സിഡിറ്റിലും സംവിധാനങ്ങളുള്ളപ്പോൾ പുതിയ സംഘത്തെ നിയമിക്കണോയെന്നാണ് ചോദ്യം ഉയർന്നിരുന്നത്. എന്നാൽ, ഇതിനായി പ്രാവീണ്യമുള്ള ആളുകളെ ആവശ്യമുണ്ടെന്ന് ചൂണ്ടിക്കാട്ടിയാണ് പുതിയ സംഘത്തെ നിയമിച്ചത്.