തിരുവനന്തപുരം: സർക്കാരിന്റെ പാർപ്പിട പദ്ധതിയായ ലൈഫിൽ വീടു നിർമ്മാണം തുടങ്ങിവയ്ക്കുകയും പണം കിട്ടാത്തതിനാൽ ജീവിതം പ്രതിസന്ധിയിലാവുകയും ചെയ്തത് 1,25,319 കുടുംബങ്ങൾ. ചായ്‌പിലും ടാർപോളിൻ കെട്ടിയും അന്തിയുറങ്ങുന്ന ഇവരുടെ ദുരിതജീവിതത്തിന് എന്ന് അറുതിയാവുമെന്ന് സർക്കാരിന് പറയാൻ കഴിയുന്നില്ല. വൃദ്ധജനങ്ങളും മാറാരോഗങ്ങൾ പിടപെട്ടവരും അംഗവൈകല്യം നേരിട്ടവരും കൂട്ടത്തിലുണ്ട്. പണം ചോദിച്ചു ചെല്ലുമ്പോൾ തദ്ദേശ സ്ഥാപനങ്ങൾ കൈമലർത്തുകയാണ്.
കഴിഞ്ഞ ദിവസം ജീവനൊടുക്കിയ ലോട്ടറി വില്പനക്കാരൻ ഓമല്ലൂർ പള്ളം ബിജുഭവനിൽ ഗോപി (70)യാണ് ഒടുവിലത്തെ ഇര. രോഗിയായ ഭാര്യയ്‌ക്ക് അന്തിയുറങ്ങാൻ വീടില്ലാത്തതിന്റെ മനോവേദനയിലായിരുന്നു ഗോപി. റോഡരുകിൽ തീകൊളുത്തി ആത്മഹത്യ ചെയ്ത നിലയിലായിരുന്നു.
അസ്ഥികൂടംപോലെ നിൽക്കുകയാണ് ഓരോ വീടും. ചിലത്ബേസ്മെന്റ് മാത്രം,മറ്റു ചിലത് കഷ്ടിച്ച് ലിന്റൽ വരെയുള്ള ഭിത്തിയായി. അവസാനഗഡു ലഭിച്ചാൽ പൂർത്തിയാക്കാൻ കഴിയുന്ന വീടുകളുമുണ്ട്. തിരഞ്ഞെടുപ്പ് അടുക്കുമ്പോൾ ഉദ്ഘാടന മാമാങ്കം നടത്താനാണ് പണം കൊടുക്കാതെ ക്രൂരത കാട്ടുന്നതെന്ന ആക്ഷേപം ശക്തമാണ്. ഹഡ്കോയിൽ നിന്ന് വായ്‌പ എടുത്തതിനാൽ സർക്കാർ വിഹിതം നൽകാൻ തടസ്സമില്ലെന്നാണ് ലൈഫ് മിഷന്റെ നിലപാട്. ജനറൽ വിഭാഗത്തിന് നാലു ലക്ഷം രൂപയും എസ്.സി, എസ്.ടി വിഭാഗത്തിന് ആറു ലക്ഷവുമാണ് ലഭിക്കുന്നത്.