കൊച്ചി: ഐ.എ.എസ് കേഡർ പോസ്റ്റുകളിലെ നിയമനത്തിലും മാറ്റത്തിലും സിവിൽ സർവീസ് ബോർഡിന്റെ ശുപാർശയില്ലാതെ തീരുമാനമെടുക്കരുതെന്ന് കേന്ദ്ര അഡ്മിനിസ്ട്രേറ്റീവ് ട്രൈബ്യൂണൽ സംസ്ഥാന സർക്കാരിന് നിർദ്ദേശം നൽകി. കേരള ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ നൽകിയ ഹർജിയിലാണ് സി.എ.ടിയുടെ ഇടക്കാല ഉത്തരവ്.
സി.എ.ടിയുടെ ഉത്തരവോടെ സർക്കാരിന് ഇഷ്ടമുള്ള സമയത്ത് ഉദ്യോഗസ്ഥരെ മാറ്റുന്നതിന് തടസമുണ്ടാകും. ഐ.എ.എസ് അസോസിയേഷന്റെ ഹർജിയെ സർക്കാർ ശക്തമായി എതിർത്തിരുന്നു. അസോസിയേഷൻ എന്ന നിലയിലാണ് ഹർജിയെന്നും സ്ഥലംമാറ്റം ചെയ്യപ്പെട്ട ആരും അത് ചോദ്യം ചെയ്തിട്ടില്ലെന്നും സർക്കാർ വാദിച്ചു. സർക്കാർ വാദം തള്ളിയാണ് സി.എ.ടി എറണാകുളം ബെഞ്ചിന്റെ ഇടക്കാല ഉത്തരവ്.
ഐ.എ.എസ് കേഡർ പോസ്റ്റുകളിലേക്കുള്ള നിയമനം നേരത്തെ തന്നെ ഐ.എ.എസ് ഓഫീസേഴ്സ് അസോസിയേഷൻ ചോദ്യം ചെയ്തിരുന്നതാണ്. സർവീസിലില്ലാത്ത ആളുകളെ സംസ്ഥാന സർക്കാർ പദ്ധതികളിലേക്ക് നിയമിക്കുന്നു എന്നായിരുന്നു അസോസിയേഷൻ ആരോപിച്ചിരുന്നത്. ഇത് സംബന്ധിച്ച ഹർജിയിലാണ് സി.എ.ടി ഉത്തരവ്. നിർദ്ദേശം കൃത്യമായി പാലിക്കണമെന്നും ഉത്തരവിൽ പറയുന്നു.