കോഴിക്കോട്: കുറ്റിക്കാട്ടൂരില്‍ നിന്നം കാണാതായ സൈനബയുടെ മൃതദേഹം നാടുകാണി ചുരത്തിന് സമീപം കണ്ടെത്തി. മൃതദേഹം സൈനബയുടേത് തന്നെയാണെന്ന് പൊലിസ് സ്ഥിരീകരിച്ചു. പ്രതി സമദിന്റെ മൊഴിയുടെ അടിസ്ഥാനത്തില്‍ പൊലീസ് നാടുകാണി ചുരത്തിലെത്തി നടത്തിയ പരിശോധനയിലാണ് സ്ത്രീയുടെ മൃതദേഹം കണ്ടെത്തിയത്. കണ്ടെത്തിയ മൃതദേഹം സൈനബയുടേതാണോയെന്ന് സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധന ഉള്‍പ്പെടെ ആവശ്യമാണെന്ന് പൊലീസ് പറഞ്ഞു. മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയില്‍ എത്തിക്കും. ഈ മാസം ഏഴിനാണ് കുറ്റിക്കാട്ടൂര്‍ വെളിപറമ്പ് സ്വദേശി സൈനബയെ കാണാതായത്. സൈനബയെ കാണാതായതിനെത്തുടര്‍ന്ന് ഭര്‍ത്താവ് പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. ഇതില്‍ അന്വേഷണം നടക്കുന്നതിനിടെയാണ് മലപ്പുറം സ്വദേശി സമദ് എന്ന യുവാവ് പൊലീസ് സ്റ്റേഷനിലെത്തി കൊലപാതകം നടത്തിയ കാര്യം വെളിപ്പെടുത്തിയത്. ഏഴാം തീയതി ഉച്ചയോടെ സൈനബയെ സുഹൃത്ത് മലപ്പുറം സ്വദേശി സമദും സുഹൃത്തായ ഗൂഢല്ലൂര്‍ സ്വദേശി സുലൈമാനും ചേര്‍ന്ന് കാറില്‍ കയറ്റി കൊണ്ടുപോവുകയായിരുന്നു. സഥിരമായി സ്വര്‍ണാഭരണങ്ങള്‍ ധരിക്കുന്നയാളാണ് സൈനബ. സംഭവം നടക്കുമ്പോള്‍ 17 പവന്റെ സ്വര്‍ണാഭരണങ്ങള്‍ ഇവര്‍ അണിഞ്ഞിരുന്നു. ഇരുവരും ചേര്‍ന്ന് സ്വര്‍ണം തട്ടിയെടുക്കാനുള്ള പദ്ധതികള്‍ ആസൂത്രണം ചെയ്തു. മുക്കം ഭാഗത്ത് വെച്ച് കാറില്‍ വെച്ച് സൈനബയെ കഴുത്ത് ഞെരിച്ച് കൊന്ന് മൃതദേഹം നാടുകാണി ചുരത്തില്‍ നിന്ന് കൊക്കയിലേക്ക് ഇടുകയായിരുന്നെന്നാണ് മൊഴി. രാത്രി എട്ടുമണിയോടെയാണ് സൈനബയുടെ മൃതദേഹം ഇരുവരും ചേര്‍ന്ന് ചുരത്തില്‍ നിന്ന് താഴ്ചയിലേക്കിട്ടത്.