അഹമ്മദാബാദ്: ഗുജറാത്തിലെ സൂറത്തിൽ ആറുനില കെട്ടിടം തകർന്നുവീണുണ്ടായ അപകടത്തിൽ ഏഴ് പേർ മരിച്ചു. ശനിയാഴ്ചയാണ് കെട്ടിടം തകർന്നുവീണത്. ഇന്നലെ രാത്രിമുഴുവൻ നടത്തിയ തെരച്ചിലിനൊടുവിലാണ് കെട്ടിടാവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയത്.2016ൽ അനധികൃതമായി നിർമിച്ച കെട്ടിടമാണിതെന്നാണ് റിപ്പോര്‍ട്ടുകള്‍. നാല് കുടുംബങ്ങളിലെ അംഗങ്ങളാണ് ഇവിടെ താമസിച്ചിരുന്നത്. ഏത് സമയവും തകര്‍ന്ന് വീഴാവുന്ന നിലയിലായ കെട്ടിടത്തില്‍ നിന്ന് ആറ് മാസം മുമ്പ് നാല് കുടുംബങ്ങള്‍ മാറിത്താമസിച്ചിരുന്നു. ടെക്‌സ്റ്റൈല്‍, നിര്‍മാണ തൊഴിലാളികളാണ് ഇവിടെ താമസിച്ചിരുന്നത്. രക്ഷാപ്രവര്‍ത്തനം ഇപ്പോഴും തുടരുകയാണ്. ശനിയാഴ്ച ഉച്ചതിരിഞ്ഞ് മൂന്നുമണിയോടെയായിരുന്നു അപകടം.
അതേസമയം സൂറത്തിലെ ചീഫ് ഫയർ ഓഫീസർ ബസന്ത് പരീഖാണ് ഏഴ് പേരുടെ മൃതദേഹങ്ങൾ കണ്ടെത്തിയെന്ന വിവരം സ്ഥിരീകരിച്ചത്. രാത്രി മുഴുവൻ മൃതദേഹങ്ങൾക്കായി തെരച്ചിൽ നടത്തിയെന്നും അദ്ദേഹം അറിയിച്ചു. ഇനിയും ആളുകള്‍ കുടുങ്ങിക്കിടക്കാന്‍ സാധ്യതയുണ്ടെന്നാണ് വിവരം. സംസ്ഥാന ദുരന്തനിവാരണ സേനയും ദേശീയ ദുരന്തനിവാരണസേനയും സംഭവസ്ഥലത്തേക്ക് എത്തിയിട്ടുണ്ട്.