കൽപറ്റ: ഒ.ആർ. കേളു എം.എൽ.എ മന്ത്രിയാകുന്നത് വയനാടിനും പട്ടികവർഗ -ജാതി വിഭാഗങ്ങൾക്കും വലിയ നേട്ടമാകുമെന്ന് സി.പി.എം ജില്ല സെക്രട്ടേറിയറ്റ് പറഞ്ഞു. ജില്ല നേരിടുന്ന വന്യമൃഗശല്യം ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ പരിഹരിക്കാൻ കൂടുതൽ ഫലപ്രദമായി ഇടപെടാൻ മന്ത്രി എന്ന നിലയിൽ സാധിക്കും. വയനാടിനോടുള്ള സംസ്ഥാന സർക്കാറിന്റെ പരിഗണന കൂടിയാണ് മന്ത്രി പദവി. ആദിവാസി വിഭാഗങ്ങളുടെയും കർഷകരുടെയും തൊഴിലാളികളുടെയും പ്രശ്നങ്ങൾ നേരിട്ടനുഭവിക്കുന്നത് മന്ത്രിയെന്ന നിലയിലുള്ള പ്രവർത്തനത്തിന് മുതൽകൂട്ടാവും.
ജില്ലയുടെ ജനകീയ വിഷയങ്ങൾ കൈാര്യം ചെയ്യുന്നതിലും എൽ.ഡി.എഫ് നയങ്ങൾ നടപ്പാക്കുന്നതിലും മികച്ച ഇടപെടലുകളാണ് ഒ.ആർ. കേളു ഇതുവരെ നടത്തിയത്.അതിനുള്ള അംഗീകാരം കൂടിയാണ് മന്ത്രി പദവി. ആദിവാസി, കാർഷിക പ്രശ്നങ്ങൾ, വന്യമൃഗശല്യം, മെഡിക്കൽ കോളജ് വിഷയങ്ങൾ തുടങ്ങിയവ പരിഹരിക്കുന്നതിനും തൊഴിൽ വിദ്യാഭ്യാസ മേഖലയുടെ മുന്നേറ്റത്തിനും നിരന്തരം ഇടപെടലുകൾ നടത്തി.ഇത്തരം കാര്യങ്ങളിൽ കൂടുതൽ ഇടപെടാൻ മന്ത്രി പദവി ഉപകരിക്കുമെന്നും ജില്ല സെക്രട്ടേറിയറ്റ് പറഞ്ഞു.