കുവൈത്തിലെ തീപിടിത്തത്തിൽ മരിച്ച 45 ഇന്ത്യക്കാരുടെ മൃതദേഹവുമായി വ്യോമസേനയുടെ വിമാനം കൊച്ചിയിലേക്ക് പുറപ്പെട്ടു. രാവിലെ എട്ടരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ മൃതദേഹങ്ങൾ എത്തിക്കും. കേന്ദ്ര വിദേശകാര്യ സഹമന്ത്രി കീർത്തി വർധൻ സിങ് ഉൾപ്പെടെയുള്ളവർ വിമാനത്തിലുണ്ട്. പ്രാദേശിക സമയം പുലര്‍ച്ചെ 1.15 ഓടെയാണ് വിമാനം കുവൈത്തില്‍ നിന്ന് പറന്നുയര്‍ന്നത്. സംസ്ഥാന സർക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാൻ വിമാനത്താവളത്തിലെത്തും.
കുവൈത്തിലെ മംഗെഫ് ബ്ലോക്ക് നാലില്‍ പ്രവാസി മലയാളിയുടെ ഉടമസ്ഥതയിലുള്ള എന്‍.ബി.ടി.സി. കമ്പനിയിലെ ജീവനക്കാരുടെ താമസക്കെട്ടിടത്തില്‍ ബുധനാഴ്ചയാണ് അഗ്നിബാധയുണ്ടായത് .ദുരന്തത്തില്‍ മരിച്ച 49 പേരില്‍ 45 പേരും ഇന്ത്യക്കാരായിരുന്നു. ഇതില്‍ 24 പേര് മലയാളികളാണ്. 45 പേരില്‍ 31 പേരുടെ മൃതദേഹങ്ങളാണ് കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തില്‍ എത്തിക്കുകയെന്നാണ് വിവരം. ബാക്കിയുള്ളവരുടെ മൃതദേഹങ്ങളുമായി വിമാനം ഡല്‍ഹിയിലേക്ക് പോകും.
23 മലയാളികളുടെയും ഏഴ് തമിഴ്നാട് സ്വദേശികളുടെയും ഒരു കര്‍ണാടക സ്വദേശിയുടെയും മൃതദേഹങ്ങളാണ് കൊച്ചിയില്‍ കൊണ്ടുവരുന്നതെന്നാണ് നോർക്ക അധികൃതര്‍ അറിയിച്ചത് . മരിച്ച കൊല്ലം കരുനാഗപ്പള്ളി സ്വദേശി മുംബൈയില്‍ സ്ഥിര താമസക്കാരനാണ്. കൊച്ചിയിലെത്തിക്കുന്ന മൃതദേഹങ്ങള്‍ മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും ചേര്‍ന്ന് ഏറ്റുവാങ്ങും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹം എത്തിക്കുക. നെടുമ്പാശ്ശേരിയിൽ എത്തിക്കുന്ന മൃതദേഹം പ്രത്യേകം ക്രമീകരിച്ച ആംബുലൻസുകളിൽ മരിച്ചവരുടെ വീടുകളിൽ എത്തിക്കും.#Kuwait fire accident