തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചൂടിൽനിന്ന് വിട്ട് പ്രധാനമന്ത്രി നരേന്ദ്ര മോദി കന്യാകുമാരിയിലെ വിവേകാനന്ദപ്പാറയിൽ ധ്യാനനിമഗ്നനാകുക മൂന്നു ദിവസങ്ങളിലായി 45 മണിക്കൂർ. 30ന് തിരുവനന്തപുരത്ത് എത്തുന്ന പ്രധാനമന്ത്രി ഹെലികോപ്റ്ററിൽ വൈകിട്ട് 4.55ന് കന്യാകുമാരിയിൽ എത്തും. തുടർന്ന് കന്യാകുമാരി ക്ഷേത്രദർശനത്തിനു ശേഷം ബോട്ടിൽ വിവേകാനന്ദപ്പാറയിലേക്കു പോകും. എട്ട് ജില്ലാ പൊലീസ് മേധാവിമാരടക്കം രണ്ടായിരത്തിലധികം പൊലീസുകാരെ കന്യാകുമാരിയിൽ വിന്യസിച്ചിട്ടുണ്ട് ഇന്ന് തിരുവനന്തപുരത്തുനിന്ന് ഹെലികോപ്റ്റർ പരീക്ഷണപ്പറക്കൽ നടത്തി.
ധ്യാനത്തിനുശേഷം ജൂൺ ഒന്നിന് വൈകിട്ടോടെ തിരുവനന്തപുരം വഴി ഡൽഹിയിലേക്ക് തന്നെ തിരിച്ചുപോകും. വിവേകാനന്ദപ്പാറയിൽ പ്രധാനമന്ത്രി ധ്യാനമിരിക്കുന്നത് ഇത് ആദ്യമായാണ്. 2019ൽ കേദാർനാഥ് ക്ഷേത്രത്തിനടത്തുള്ള ഗുഹയിൽ പ്രധാനമന്ത്രി ധ്യാനം ഇരുന്നിരുന്നു. 1892 ഡിസംബർ 23, 24, 25 തീയതികളിൽ സ്വാമി വിവേകാനന്ദൻ ധ്യാനമിരുന്ന പാറയിൽ 1970ലാണു സ്‌മാരകം പണിതത്. കരയിൽനിന്ന് 500 മീറ്ററോളം അകലെയാണ് പാറ.കന്യാകുമാരി ദേവിയുടെ പാദമുദ്ര പതിഞ്ഞ പാറയാണെന്നാണ് സങ്കൽപം.#narendra modi