കൊച്ചി: പെരുമ്പാവൂർ ജിഷ വധക്കേസിൽ പ്രതി അമീറുൽ ഇസ്‍ലാമിന്റെ വധശിക്ഷയ്ക്ക് അനുമതി തേടിയുള്ള സർക്കാരിൻറെ അപേക്ഷയിൽ വിധി ഇന്ന്. ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, എസ്. മനു എന്നിവരടങ്ങുന്ന ഡിവിഷൻ ബെഞ്ചാണ് കേസിൽ വിധി പറയുക. കുറ്റവിമുക്തനാക്കണമെന്നാവശ്യപ്പെട്ടുള്ള പ്രതിയുടെ അപ്പീലിലും ഹൈക്കോടതി ഇന്ന് വിധി പറയും.
നിയമ വിദ്യാർഥിയായ ജിഷയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിൽ 2017 ലാണ് എറണാകുളം സെഷൻസ് കോടതി പ്രതി അമീറുൾ ഇസ്‍ലാമിന് വധശിക്ഷ വിധിക്കുന്നത്. ഹൈക്കോടതി ഈ ശിക്ഷ ശരിവെച്ചാൽ മാത്രമേ തുടർനടപടിയിലേക്ക് കടക്കാൻ കഴിയുകയൊള്ളു. ഇതിനായുള്ള സർക്കാറിൻ്റെ അപേക്ഷയിലാണ് കോടതി ഇന്ന് വിധി പറയുക. അപൂർവങ്ങളിൽ അപൂർവമായ കേസായതിനാൽ പ്രതിയുടെ വധശിക്ഷ ശരിവെക്കണമെന്നാണ് സർക്കാറിൻ്റെ ആവശ്യം.
ജസ്റ്റിസുമാരായ പി.ബി സുരേഷ് കുമാർ, എസ്.മനു എന്നിവരുടെ ഡിവിഷൻ ബെഞ്ചാണ് ഉച്ചയ്ക്ക് 1.45 ന് കേസിൽ വിധി പറയുക. വധശിക്ഷ ചോദ്യം ചെയ്ത് അമീറുൾ ഇസ്‍ലാം നൽകിയ ഹരജിയിലും ഹൈക്കോടതി വിധി പറയും. ദൃക്സാക്ഷികളില്ലാത്ത സംഭവത്തിൽ തന്നെ കുറ്റക്കാരനാക്കുകയായിരുന്നുവെന്നാണ് പ്രതിഭാഗം വാദം. ശാസ്ത്രീയ തെളിവുകൾ ഉപയോഗിച്ചാണ് അമീറുൾ ഇസ്‍ലാമിനെതിരായ കുറ്റം പ്രോസിക്യൂഷൻ തെളിയിച്ചത്. 2016 ഏപ്രിൽ 28 നായിരുന്നു നിയമ വിദ്യാർത്ഥിയാ ജിഷ പെരുമ്പാവൂരിലെ വീട്ടിൽ വെച്ച് ക്രൂരമായ പീഡനത്തിന് ഇരയായി കൊല്ലപ്പെട്ടത്.