തിരുവനന്തപുരം: സംസ്ഥാനത്ത് ലോക്സഭാ തെരഞ്ഞെടുപ്പിനുളള പോളിങ് വൈകിയെന്ന ആരോപണത്തിൽ മറുപടിയുമായി ചീഫ് ഇലക്ടറൽ ഓഫീസർ സഞ്ജയ് കൗൾ. വടകര മണ്ഡലം അടക്കം ചില ഇടങ്ങളിൽ മാത്രമാണ് താമസം ഉണ്ടായത്. വടകരയിലെ ഒറ്റ ബൂത്തിൽ മാത്രമായിരുന്നു പ്രശ്നം നേരിട്ടത്. ഇന്നലെ ഉത്തര കേരളത്തിൽ ഉയർന്ന താപനിലയാണ് രേഖപ്പെടുത്തിയത്. ചൂടുകാരണം ആളുകൾ ഉച്ചയ്ക്ക് മൂന്നു മണിക്ക് ശേഷമാണ് ബൂത്തിലേക്ക് എത്തിയത്. വോട്ടിങ് യന്ത്രങ്ങൾക്ക് കഴിഞ്ഞ തവണത്തെ അത്ര പ്രശ്നങ്ങളുണ്ടായില്ലന്ന് അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പിൽ സംസ്ഥാനത്ത് 95 ശതമാനം ബൂത്തുകളിലും ആറുമണിയോടെ പോളിങ് പൂർത്തിയായെന്ന് സഞ്ജയ് കൗൾ പറഞ്ഞു. രാത്രി വൈകിയും ഇന്നലെ പോളിങ് തുടർന്നിരുന്നു. പോളിങ് നീണ്ടുപോയത് അന്വേഷിച്ച് പരിശോധിക്കും. നിലവിൽ 71.16 ശതമാനമാണ് പോളിങ്. എന്നാൽ വീട്ടിലെ വോട്ടും പോസ്റ്റൽ വോട്ടുകളും വന്നാൽ ഇനിയും മാറ്റം വരുമെന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കി.ഏറ്റവും കൂടുതൽ പോളിങ് വടകരയിലും കണ്ണൂരുമാണ്. വടകരയിൽ 77.91 ശതമാനവും കണ്ണൂരിൽ 77.23 ശതമാനവും പേർ വോട്ട് രേഖപ്പെടുത്തി. 63.35 ശതമാനം പേർ വോട്ട് ചെയ്ത പത്തനംതിട്ടയിലാണ് കുറവ് പോളിങ് രേഖപ്പെടുത്തിയത്. ഉദ്യോഗസ്ഥരുടെ ഭാഗത്ത് നിന്നും ബോധപൂർവ്വമായ വീഴ്ച ഉണ്ടായിട്ടില്ല. പരാതി കിട്ടിയാൽ ഉറപ്പായും പരിശോധിക്കുമെന്നും സഞ്ജയ് കൗൾ വ്യക്തമാക്കി.