മലപ്പുറം: സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ ഇന്നും എൽഡിഎഫ് പരസ്യം. മലപ്പുറം, പൊന്നാനി മണ്ഡലങ്ങളിലെ എൽഡിഎഫ് സ്ഥാനാർത്ഥികളെ വിജയിപ്പിക്കണം എന്നാണ് മലപ്പുറം എഡിഷനിൽ രണ്ടാം പേജിലെ പരസ്യം. ഒന്നാം പേജിൽ കോൺഗ്രസ് പരസ്യവും ഉണ്ട്. നേരത്തെ, സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് വിവാദം ആയിരുന്നു.ഈ മാസം 20ന് മലപ്പുറം തിരൂരങ്ങാടിയിലാണ് എൽഡിഎഫ് പരസ്യം നൽകിയതിന് സുപ്രഭാതം പത്രം കത്തിച്ചത്. സമസ്തയുടെ മുഖപത്രത്തിൽ പരസ്യം വന്നതാണ് പ്രതിഷേധത്തിന് കാരണമെന്ന് മുസ്ലീം ലീഗ് പ്രവർത്തകൻ കോമ്മുക്കുട്ടി ഹാജി പറഞ്ഞു. ലീഗിന്റെ ഭാരവാഹിത്വം ഉള്ളയാളല്ല കത്തിച്ചത് എന്നാണ് ലീഗ് വിശദീകരണം.
മുഖ്യമന്ത്രിയുടെ ചിത്രത്തോടുകൂടി സമസ്ത മുഖപത്രമായ സുപ്രഭാതത്തിൽ എൽഡിഎഫിന്റെ തെരഞ്ഞെടുപ്പ് പരസ്യം പ്രസിദ്ധീകരിച്ചതാണ് പത്രം കത്തിക്കാൻ കാരണം. വർഷങ്ങളായി സമസ്തയ്ക്കും ലീഗിനും വേണ്ടി പ്രവർത്തിക്കുന്ന തനിക്ക് ഒരിക്കലും ഈ പരസ്യം അംഗീകരിക്കാൻ കഴിയില്ലെന്ന് പത്രം കത്തിച്ച തിരൂരങ്ങാടി കൊടിഞ്ഞിയിലെ മുസ്ലീം ലീഗ് പ്രവർത്തകൻ കോമ്മുക്കുട്ടി ഹാജി പറഞ്ഞു.
സുപ്രഭാതത്തിൽ എൽഡിഎഫ് പരസ്യം വന്നത് ബിസിനസിന്റെ ഭാഗമാണെന്നും സംഘടനയുടെയോ പത്രത്തിന്റെയോ നിലപാടല്ലെന്നുമാണ് ലീഗിന്റെ പ്രതികരണം. പത്രം കത്തിച്ചയാൾ ഔദ്യോഗിക ഭാരവാഹി അല്ലെന്നാണ് ലീഗിന്റെ വിശദീകരണം. പത്രം കത്തിച്ച നടപടി കാടത്തമെന്ന് പൊന്നാനിയിലെ എൽഡിഎഫ് സ്ഥാനാർഥി കെഎസ് ഹംസ പ്രതികരിച്ചു. അന്തസായി രാഷ്ട്രീയം പറയാൻ കെൽപ്പില്ലാത്തവരാണ് പത്രം കത്തിച്ചത് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പ്രതികരിച്ചു. ഹീന പ്രവർത്തികൾ ചെയ്യുന്നവരെ കരുതിയിരിക്കണമെന്ന പ്രതികരണവുമായി സമസ്തയുടെ വിദ്യാർത്ഥി വിഭാഗം രംഗത്തെത്തി. പുതിയ വിവാദം സമസ്ത വോട്ടുകളെ ഇടത്തേക്ക് കൊണ്ട് പോകുമോ എന്ന ആശങ്ക ലീഗിനുണ്ട്.