ആലപ്പുഴ: ആലപ്പുഴയിൽ തെരഞ്ഞെടുപ്പിന്റെ ഭാഗമായി കലക്ടറേറ്റ് പരിസരത്ത് ഒരുക്കിയ ഹരിതമാതൃക പോളിങ് ബൂത്ത് ഏറെ ജനശ്രദ്ധനേടി.. പ്രകൃതിസൗഹൃദ തെരഞ്ഞെടുപ്പ് എന്ന സന്ദേശം പ്രചരിപ്പിക്കുന്നതിന്റെ ഭാഗമായി ശുചിത്വ മിഷന്, ജില്ല ഭരണകൂടം എന്നിവയുടെ ആഭിമുഖ്യത്തിൽ ഒരുക്കിയ മാതൃക ബൂത്തിന്റെ ഉദ്ഘാടനം കലക്ടര്‍ അലക്സ് വര്‍ഗീസ് നിര്‍വഹിച്ചു.തടി, മുള, ഓല, കയര്‍ തുടങ്ങി പൂര്‍ണമായും പ്രകൃതിസൗഹൃദ ഉല്പന്നങ്ങളാണ് ഉപയോഗിച്ചത്. പൊതുജനങ്ങളില്‍ അവബോധം സൃഷ്ടിക്കുന്നതിന് നഗരസഭ തലത്തിലും ഇത്തരത്തില്‍ ഹരിത മാതൃക ബൂത്തുകള്‍ സ്ഥാപിക്കും. പ്രചാരണ ബോര്‍ഡുകള്‍, ബാനറുകള്‍, കൊടിതോരണങ്ങള്‍ തുടങ്ങിയവ നൂറുശതമാനം കോട്ടണ്‍, പനമ്പായ, പുല്പായ, ഓല, ഈറ്റ, മുള, പാള തുടങ്ങിയ പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ചുള്ളതാകണം.വോട്ടെടുപ്പിനുശേഷം ഇവ അന്നുതന്നെ അഴിച്ചുമാറ്റുകയും മാലിന്യം ഹരിതകര്‍മസേന, അംഗീകൃത ഏജന്‍സികള്‍ എന്നിവക്ക് കൈമാറുകയും വേണം. ശുചിത്വ മിഷന് ജില്ല കോഓഡിനേറ്റര്‍ കെ.ഇ. വിനോദ് കുമാര്‍, പ്രോഗ്രാം ഓഫിസര്‍ അഖില്‍ പ്രകാശ്, അസി.കോഓഡിനേറ്റര്‍ അരുണ്‍ ജോയ്, എന്‍ജിനീയര്‍ സി.ആര്. സന്ധ്യ എന്നിവര്‍ പങ്കെടുത്തു.