കോട്ടയം: മണിപ്പൂർ സംഘർഷത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി മൗനം പാലിച്ചെന്ന് ദീപിക മുഖപ്രസംഗത്തിൽ വിമർശനം. പ്രധാനമന്ത്രിയും കേന്ദ്രസർക്കാരും ഇടപെട്ടിരുന്നെങ്കിൽ കലാപത്തിന്‍റെ തീവ്രത കുറയുമായിരുന്നു. കലാപം നടന്ന സ്ഥലം സന്ദർശിക്കാൻ പോലും പ്രധാനമന്ത്രി തയ്യാറായില്ല. കലാപ സമയത്തെ ശൂന്യത തെരഞ്ഞെടുപ്പ് കാലത്തെ വാക്ക് കൊണ്ട് നികത്താനാകില്ലെന്നും ദീപിക വിമർശിക്കുന്നു.മണിപ്പൂരിനെ രക്ഷിച്ചെന്ന് പ്രധാനമന്ത്രി പറഞ്ഞിരിക്കുന്നു. ഈ രക്ഷയാണോ ആ നാടിന് വിധിച്ചിരിക്കുന്നത്? കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ സമയോചിത ഇടപെടല്‍ മൂലം കലാപബാധിത മണിപ്പൂരിലെ സ്ഥിതിഗതികളില്‍ കാര്യമായ പുരോഗതി ഉണ്ടായെന്നാണ് അദ്ദേഹം പറഞ്ഞത്. ഏറെ വംശീയ കലാപങ്ങള്‍ നടന്നിട്ടുള്ള നാടാണ്.പക്ഷെ അതൊക്കെ നിസാരമായിരുന്നുന്നെന്ന് തോന്നിപ്പിക്കും വിധം ജനത മനസുകൊണ്ടും വെറുപ്പു കൊണ്ടും വാസഭൂമി കൊണ്ടും രണ്ടു ശത്രുരാജ്യങ്ങളെന്ന പോലെ വിഭജിക്കപ്പെട്ടിരിക്കുന്നു. മണിപ്പൂരിനേറ്റ ചരിത്ര പ്രഹരം! അതൊക്കെ സംഭവിച്ചുകൊണ്ടിരിക്കെ അതിനിഗൂഢവും അവിശ്വസനീയവുമായൊരു നിശബ്ദതയില്‍ താന്‍ അഭിരമിച്ചത് എന്തിനെന്ന മാത്രം പ്രധാനമന്ത്രി പറഞ്ഞില്ലെന്നും മുഖപത്രത്തില്‍ പറയുന്നു.