ഇരിങ്ങാലക്കുട: മൂർക്കനാട് ശിവക്ഷേത്രോത്സവ ആറാട്ടിനിടെയുണ്ടായ സംഘർഷത്തിൽ രണ്ട് യുവാക്കൾ കൊല്ലപ്പെട്ട സംഭവത്തിൽ ആറുപേർകൂടി പൊലീസ് പിടിയിൽ. മൂർക്കനാട് തച്ചിലേത്ത് വീട്ടിൽ മനു (20), കരുവന്നൂർ ചെറിയ പാലം സ്വദേശികളായ മൂത്തേടത്ത് വീട്ടിൽ മുഹമ്മദ് റിഹാൻ, വൈപ്പിൻകാട്ടിൽ റിസ്വാൻ (20), മൂർക്കനാട് കറത്തുപറമ്പിൽ ശരൺ (35), മണ്ണുത്തി പൊലീസ് കാപ്പ ചുമത്തിയ മാടക്കത്തറ വടക്കൂട്ട് വീട്ടിൽ ദിനേഷ് എന്ന കുട്ടൻ (24), നിരവധി കേസുകളിൽ പ്രതിയായ പുല്ലൂർ തുറവൻകാട് തൈവളപ്പിൽ വീട്ടിൽ അഭിഷേക് എന്ന ടുട്ടു (28) എന്നിവരാണ് പിടിയിലായത്.
നേരത്തേ പ്രായപൂർത്തിയാകാത്ത ഒരു പ്രതിയടക്കം ആറുപേരെ അറസ്റ്റ് ചെയ്തിരുന്നു. രണ്ട് ദിവസം മുമ്പ് രാത്രി ഏഴോടെ മൂർക്കനാട് ആലുംപറമ്പിലായിരുന്നു കേസിനാസ്പദമായ സംഭവം. രണ്ടുമാസം മുമ്പ് മൂർക്കനാട് നടന്ന ഫുട്ബാൾ ടൂർണമെന്റുമായി ബന്ധപ്പെട്ടുണ്ടായ തർക്കങ്ങളാണ് ഇരുവിഭാഗം യുവാക്കൾ തമ്മിലുള്ള കത്തിക്കുത്തിൽ കലാശിച്ചതെന്ന് പൊലീസ് പറഞ്ഞു. കത്തിക്കുത്തിൽ തൃശൂർ അരിമ്പൂർ വെളുത്തൂർ സ്വദേശി അക്ഷയും (21) ആനന്ദപുരം പൊന്നയത്ത് സന്തോഷുമാണ് (40) കൊല്ലപ്പെട്ടത്.
തൃശൂർ റൂറൽ ജില്ല പൊലീസ് മേധാവി ഡോ. നവനീത് ശർമയുടെ നിർദേശപ്രകാരം ഇരിങ്ങാലക്കുട ഡിവൈ.എസ്.പി കുഞ്ഞുമൊയ്തീൻ കുട്ടിയുടെ നേതൃത്വത്തിൽ ഇരിങ്ങാലക്കുട പൊലീസും സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് പ്രതികളെ പിടികൂടിയത്. കൂടുതൽ പ്രതികൾ സംഭവത്തിൽ ഉൾപ്പെട്ടിട്ടുണ്ടെന്നാണ് പോലീസ് നൽകുന്ന സൂചന.