കോട്ടയം: തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം വന്നതോടെ ജില്ല ആശുപത്രിയിലെ ബഹുനില മന്ദിരത്തിന്റെ നിർമാണം അനിശ്ചിതത്വത്തിൽ. പെരുമാറ്റച്ചട്ടം പ്രഖ്യാപിക്കുന്നതിനു മുമ്പ് മണ്ണെടുപ്പുമായി ബന്ധപ്പെട്ട കരാർ ഒപ്പിടാതിരുന്നതാണ് വിനയായത്.
കെട്ടിടം നിർമിക്കുന്ന സ്ഥലത്തുനിന്ന് നീക്കിയ മണ്ണ് ആർ.എം.ഒ ഓഫിസിനു സമീപത്ത് കുന്നുപോലെ കൂട്ടിയിട്ടിരിക്കുകയാണ്. ഇതുനീക്കിയാലേ അടുത്ത പണി നടക്കൂ. ജൂൺ നാലിന് പെരുമാറ്റച്ചട്ടം നീങ്ങിയ ശേഷമേ ഇനി കരാർ ഒപ്പിടാനാവൂ. കിഫ്ബിയിൽനിന്ന് 129.89 കോടി ചെലവിട്ട് 10 നില മന്ദിരമാണ് നിർമിക്കുന്നത്. 2018ലാണ് പദ്ധതി പ്രഖ്യാപിച്ചത്.
ഇതുവരെ കല്ലിടാൻപോലുമായിട്ടില്ല. പലകാരണങ്ങളാൽ നിർമാണം നീളുകയാണ്. പല വാർഡുകളും പുതിയ കെട്ടിടം പണിയാൻ പൊളിച്ചുനീക്കി. കെട്ടിട നിർമാണത്തിന് അഞ്ചുലക്ഷം ക്യുബിക് മണ്ണ് ആവശ്യമുണ്ട്. ബാക്കിവരുന്ന നാലുലക്ഷം ക്യുബിക് മണ്ണാണ് നീക്കേണ്ടത്.
ഇത് കിഫ്ബിയുടെ ആലപ്പുഴയിലെ നിർമാണപ്രവർത്തനങ്ങൾക്കു കൊണ്ടുപോകാനായിരുന്നു ആദ്യ കരാർ. എന്നാൽ, തിരുവഞ്ചൂർ രാധാകൃഷ്ണൻ എം.എൽ.എ ഇടപെട്ട് മണ്ണ് ജില്ലയിലെ വികസനപ്രവർത്തനങ്ങൾ ഉപയോഗിക്കാൻ നിർദേശിച്ചു.
തുടർന്ന് ജനുവരി 17ന് മന്ത്രി വി.എൻ. വാസവൻ വിളിച്ച യോഗത്തിൽ മണ്ണ് കോട്ടയം, ഏറ്റുമാനൂർ, നിയോജക മണ്ഡലങ്ങളിലെ വികസനപ്രവർത്തനങ്ങൾക്ക് ഉപയോഗിക്കാൻ തീരുമാനിച്ചു. എന്നാൽ, തുടർനടപടിയുണ്ടായില്ല. പെരുമാറ്റച്ചട്ടം വരുന്നതിനുമുമ്പ് കരാർ ധാരണ ആയിരുന്നെങ്കിൽ ഈ സമയം മണ്ണു നീക്കാമായിരുന്നു.
തെരഞ്ഞെടുപ്പ് വരുമെന്നറിഞ്ഞിട്ടും അതിനുള്ള മുന്നൊരുക്കം അധികൃതരുടെ ഭാഗത്തുനിന്നുണ്ടായില്ല. കലക്ടറുടെ നേതൃത്വത്തിൽ രണ്ട് മണ്ഡലത്തിലെയും വില്ലേജ് ഓഫിസർമാരുടെ യോഗം വിളിച്ച് എവിടെയൊക്കെ നിർമാണപ്രവർത്തനം നടക്കുന്നുവെന്ന് കണ്ടുപിടിച്ച് മണ്ണ് നൽകാൻ തീരുമാനമെടുക്കണം.
തെരഞ്ഞെടുപ്പ് കഴിയാതെ ഇനി തീരുമാനമെടുക്കാനാവില്ല. 2,86,850 ചതുരശ്രയടി വിസ്തൃതിയുള്ള മൾട്ടി സ്പെഷാലിറ്റി ആശുപത്രിയാണ് നിർമിക്കുന്നത്. ഇൻകെലിനാണ് നിർമാണച്ചുമതല. 35 ഒ.പി വിഭാഗങ്ങൾ, 391 കിടക്ക, 10 ഓപറേഷൻ തിയറ്റർ, സൂപ്പർ സ്പെഷാലിറ്റി ഒ.പി-ഐ.പി, സി.ടി, എം.ആർ.ഐ മെഷീനുകൾ, മാമോഗ്രാഫി, ഫാർമസിയും ലിഫ്റ്റ് സൗകരവും ഒരുക്കും.