അടൂർ: കടമ്പനാട് വില്ലേജ് ഓഫീസറായിരുന്ന മനോജ്(47) ആത്മഹത്യ ചെയ്തത് സമ്മർദം മൂലമെന്ന് അടൂർ ആർ.ഡി.ഒയുടെ റിപ്പോർട്ട്. അടൂർ താലൂക്കിലെ 12 വില്ലേജ് ഓഫീസർമാരുടെ പരാതിയുടെ അടിസ്ഥാനത്തിൽ നടന്ന അന്വേഷണത്തിലാണ് കണ്ടെത്തൽ.
വില്ലേജ് ഓഫീസർ സ്ഥാനത്ത് ഇരിക്കവെ മനോജിന് ബാഹ്യസമ്മർദങ്ങൾ ഏറെയുണ്ടായിരുന്നു. ആരാണ് ഇതിന് പിന്നിലെന്നോ,സമ്മർദത്തിന് കാരണമെന്താണെന്നോ അന്വേഷണ റിപ്പോർട്ടിൽ പറയുന്നില്ല. സഹപ്രവർത്തകരും കുടുംബാംഗങ്ങളുമായ ഇരുപതോളം പേരുടെ മൊഴി എടുത്തും, നേരിട്ട് തെളിവുകൾ ശേഖരിച്ചുമാണ് അന്വേഷണം ആർ.ഡി.ഒ. പൂർത്തീകരിച്ചത്. ജില്ലാ കളക്ടർക്ക് ലഭ്യമായ റിപ്പോർട്ട് അടുത്തദിവസം ലാൻഡ് റവന്യു കമ്മീഷണർക്ക് കൈമാറും.
ആത്മഹത്യക്ക് പിന്നിൽ, ഭരണകക്ഷി പ്രാദേശിക നേതാക്കൾക്ക് പങ്കുണ്ട് എന്ന തരത്തിൽ നേരത്തെ ബന്ധുക്കൾ പ്രതികരിച്ചിരുന്നു. ഇതിന് പിന്നാലെയാണ് വില്ലേജ് ഓഫീസർമാർ കളക്ടറെ നേരിൽകണ്ട് അന്വേഷണം ആവശ്യപ്പെട്ടത്. തുടർന്ന് വിഷയം അന്വേഷിക്കാൻ കളക്ടർ,അടൂർ ആർ ഡി.ഒയെ ചുമതലപ്പെടുത്തുകയായിരുന്നു. ആത്മഹത്യ ചെയ്യുന്നതിന് മൂന്നുമാസം മുൻപാണ് ആറന്മുളയിൽ നിന്നും മനോജ് കടമ്പനാട്ടേക്ക് സ്ഥലം മാറി എത്തിയത്. മാർച്ച് 11-നാണ് മനോജിനെ കിടപ്പുമുറിയിൽ മരിച്ച നിലയിൽ കണ്ടത്.