പാലക്കാട്: 9.810 കിലോഗ്രാം കഞ്ചാവുമായി മൂന്ന് യുവാക്കൾ പിടിയിലായി. ഒഡിഷയിൽ നിന്ന് ട്രെയിൻ മാർഗം കഞ്ചാവ് എത്തിച്ചു എന്നാണ് കരുതുന്ന മലപ്പുറം എടക്കര കുന്നുമ്മൽപ്പൊട്ടി നരേക്കാവ് സ്വദേശികളായ ശ്രീജിത്ത് (24), നിധിൻരാജ് (22), കാസർകോട് ഉടുമ്പുതല മാടക്കൽ അഖിൽ കുമാർ (32) എന്നിവരാണ് താണാവ് ഫോറസ്റ്റ് ക്വാർട്ടേഴ്സിന് സമീപം പാതവക്കിൽ ഹേമാംബിക നഗർ പൊലീസും ജില്ല ലഹരി വിരുദ്ധ സ്ക്വാഡും നടത്തിയ സംയുക്ത പരിശോധനയിൽ പിടിയിലായത്. പ്രതികൾ മുമ്പും ലഹരിമരുന്ന് കേസിലും ക്രിമിനൽ കേസുകളിലും പ്രതിയായവരാണെന്ന് പൊലീസ് പറഞ്ഞു. കേസെടുത്ത് അന്വേഷണം ഊർജിതമാക്കി. ജില്ല പൊലീസ് മേധാവി ആർ. ആനന്ദിന്റെ നിർദേശപ്രകാരം പാലക്കാട് എ.എസ്.പി അശ്വതി ജിജി, പാലക്കാട് നാർക്കോട്ടിക് സെൽ ഡിവൈ.എസ്.പി അബ്ദുൽ മുനീർ, പി.എസ്. സോമൻ, ഹേമാംബിക നഗർ എസ്.ഐ എച്ച്. ഹർഷാദ്, ജില്ല ലഹരി വിരുദ്ധ സ്ക്വാഡ് എന്നിവരുൾപ്പെട്ട സംഘമാണ് പ്രതികളെ പിടികൂടിയത്.