തിരുവനന്തപുരം: പൂക്കോട് വെറ്ററിനറി സർവകലാശാലയിലെ രണ്ടാംവർഷ വിദ്യാർത്ഥി സിദ്ധാർത്ഥിന്റെ മരണത്തിൽ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് സർക്കാർ. കേസ് സിബിഐയ്‌ക്ക് കൈമാറണമെന്നാവശ്യപ്പെട്ട് സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് ഇന്ന് മുഖ്യമന്ത്രിയെ കണ്ടിരുന്നു. ഇതിന് പിന്നാലെയാണ് സർക്കാർ ഉത്തരവിറക്കിയത്.
മകന്റെ മരണവുമായി ബന്ധപ്പെട്ട് നിരവധി സംശയങ്ങളുണ്ടെന്ന് മുഖ്യമന്ത്രിയോട് അറിയിച്ചതായി സിദ്ധാർത്ഥിന്റെ പിതാവ് നേരത്തേ മാദ്ധ്യമങ്ങളോട് പറഞ്ഞിട്ടുണ്ടായിരുന്നു. കോളേജ് ഡീൻ, അസിസ്റ്റന്റ് വാർഡൻ ഉൾപ്പെടെയുള്ളവരെ കേസിൽ പ്രതി ചേർക്കണം. അവർ എന്തൊക്കെ കാര്യങ്ങളാണ് മറച്ചുവച്ചതെന്ന് സിബിഐ ഉദ്യോഗസ്ഥരോട് തുറന്ന് പറയും. അതിനുള്ള വ്യക്തമായ തെളിവ് കൈവശമുണ്ട്. സസ്പെൻഡ് ചെയ്‌തിട്ട് കാര്യമില്ല. അവരെ പിരിച്ചുവിട്ട ശേഷം അന്വേഷണം നടത്തണമെന്നും സിദ്ധാർത്ഥിന്റെ പിതാവ് ജയപ്രകാശ് പറഞ്ഞു. അഞ്ചാറ് വർഷത്തിനിടെ ആ കോളേജിൽ ഒരുപാട് വിദ്യാർത്ഥികളുടെ ആത്മഹത്യയും മരണവും സംഭവിച്ചിട്ടുണ്ട്. ഇതെല്ലാം അന്വേഷിച്ച് കണ്ടെത്തിയ ശേഷം മാത്രം ആ കോളേജ് തുറന്ന് പ്രവർത്തിക്കാൻ അനുവദിക്കണം. മകൻ മരിച്ചിട്ട് പോലും റൂമിൽ ഒപ്പമുണ്ടായിരുന്ന അക്ഷയ് അത് തുറന്നുപറഞ്ഞില്ല. ഡോ. ബിന്ദു സുന്ദറിന്റെ മകൻ രോഹനും കൊലപാതകത്തിൽ പങ്കുണ്ടോ എന്ന് സംശയമുണ്ട്. രോഹനാണ് തൂങ്ങി നിൽക്കുന്ന സിദ്ധാർത്ഥിനെ ആദ്യം കണ്ടതെന്ന് പറഞ്ഞു. പിന്നീടത് മാറ്റിപ്പറഞ്ഞു. അച്ഛൻ രാഷ്ട്രീയക്കാരനായതുകൊണ്ടാകാം അക്ഷയ്‌യെ പൊലീസുകാർ ഒന്നും ചെയ്യാത്തതെന്നും ജയപ്രകാശ് പറഞ്ഞു.