കാളികാവ്: സർക്കാറുകൾ ഫണ്ട് വാരിക്കോരി നൽകുന്ന വിഭാഗമാണ് ആദിവാസികളെന്ന് മാലോകരെല്ലാം പറയുമ്പോഴും കിടപ്പാടത്തിനായി പോരാട്ടം ജീവിതമാക്കേണ്ട ഗതികേടിലാണ് ഗീതയെന്ന കുടുംബിനി. അന്തിയുറങ്ങാനായി ഒരു കൊച്ചു വീടിന് കലക്ടറേറ്റിലും മന്ത്രി ഓഫിസുകളിലും കയറിയിറങ്ങുന്ന ഗീതയുടെ ജീവൽ സമരം പതിറ്റാണ്ട് പിന്നിടുകയാണ്. വനിത ദിനത്തിലും വീടെന്ന സ്വപ്നം യാഥാർഥ്യമാക്കാൻ സർക്കാർ സംവിധാനങ്ങളോടുള്ള പോരാട്ട വഴിയിൽ ഗീതക്ക് വിശ്രമമില്ല.
കാട്ടാനയും കടുവയും പുലിയുമടക്കമുള്ള വന്യജീവികൾ വിഹരിക്കുന്ന ചിങ്കക്കല്ല് കോളനിയിൽ ഇവർക്ക് ഐ.ടി.ഡി.പി വീട് അനുവദിച്ചിരുന്നതാണ്. എന്നാൽ വനപരിധിയുടെ പേര് പറഞ്ഞ് അനുമതി നിഷേധിച്ചു. അന്തിയുറങ്ങാനൊരു കൂരക്കായി 2013 മുതൽ ഗീത കയറിയിറങ്ങാത്ത ഓഫിസുകൾ കുറവാണ്. പണവും സമയവും പോയത് മാത്രമാണ് മിച്ചം. മുഖ്യമന്ത്രി മുതൽ താഴോട്ട് എല്ലാ ഓഫിസുകളിലും നിവേദനം നൽകി. പക്ഷേ പരിഹാരം മാത്രം ഉണ്ടായില്ല. മലപ്പുറത്ത് ചുമതലയേറ്റ എല്ലാ ജില്ല കലക്ടർമാരെയും നേരിൽ കണ്ട് പരാതി പറഞ്ഞിട്ടുണ്ട്. നിലവിലെ കലക്ടർ വി.ആർ. വിനോദിനെ മാത്രമാണ് ഇനി സന്ദർശിക്കാനുള്ളത്. മന്ത്രി എ.കെ. ശശീന്ദ്രനിൽനിന്ന് നിലവിലെ സ്ഥലത്തിന്റെ കൈവശരേഖ സ്വന്തമാക്കിയത് ഗീതയുടെ നിരന്തര ശ്രമ ഫലമായാണ്. പൊതുപ്രവർത്തകർ കൂടെനിന്നതും ഇവർക്ക് തുണയായി. അതേസമയം ഫണ്ട് ലഭ്യമല്ലാത്തത് പ്രശ്നമായി നിലനിൽക്കുന്നു. ആദിവാസി പ്രശ്നങ്ങളെ നിസ്സംഗതയോടെ കാണുന്ന ത്രിതല പഞ്ചായത്ത് ഭരണസമിതികളുടെ അടക്കം നിലപാടിൽ ഗീതക്ക് അമർഷമുണ്ട്.