തേഞ്ഞിപ്പലം: കാലിക്കറ്റ് സര്‍വകലാശാല വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് പദവിയില്‍ നിന്ന് പുറത്താക്കപ്പെടുന്നത് നാല് മാസത്തെ ഔദ്യോഗിക കാലയളവ് ബാക്കിനില്‍ക്കെ. ജൂലൈ 12നാണ് കാലാവധി അവസാനിക്കുന്നത്. ഇതോടെ പ്രോ വൈസ് ചാന്‍സലറുടെ നിലനില്പും തുലാസിലായി.
യു.ജി.സി നിയമപ്രകാരം വി.സി മാറിയാല്‍ പി.വി.സിയും ഒഴിയേണ്ടിവരും. തൃശൂര്‍ സ്വദേശിയായ ഡോ. എം.കെ. ജയരാജ് 2020 ജൂലൈ 12നാണ് കാലിക്കറ്റ് വി.സിയായത്. സുപ്രീംകോടതി വിധിയുടെ പശ്ചാത്തലത്തിലുള്ള ചാന്‍സലറുടെ ഉത്തരവിനെതിരെ വി.സിക്ക് ഹൈകോടതിയില്‍ 10 ദിവസത്തിനകം അപ്പീല്‍ നല്‍കാം. അതുവരെ പദവിയില്‍ തുടരാം. ചാന്‍സലറുടെ നടപടി മുന്നില്‍ക്കണ്ട് വി.സിമാര്‍ ഏതാനും ദിവസങ്ങളിലായി എറണാകുളത്ത് മുതിര്‍ന്ന അഭിഭാഷകരുമായി കൂടിയാലോചനയിലായിരുന്നു. ഇതിനിടയിലാണ് വ്യാഴാഴ്ച വൈകീട്ടോടെ രാജ്ഭവനില്‍നിന്നുള്ള ഉത്തരവിറങ്ങിയത്.