തിരുവനന്തപുരം: കേന്ദ്രസർക്കാറും സംസ്ഥാന സർക്കാറും തമ്മിൽ അണ്ണൻ-തമ്പി ബന്ധമാണെന്ന് പ്രതിപക്ഷനേതാവ് വി.ഡി.സതീശൻ. ലോകായുക്ത ബിൽ രാഷ്ട്രപതി ഒപ്പിട്ടതുമായി ബന്ധപ്പെട്ടാണ് വി.ഡി.സതീശന്റെ പ്രസ്താവന. ലോകായുക്ത നിയമത്തെ ദുർബലപ്പെടുത്തുകയാണ് സംസ്ഥാന സർക്കാർ ചെയ്തിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
കേന്ദ്രസർക്കാറിന് മേൽ സമർദം ചെലുത്തിയാണ് രാഷ്ട്രപതിയെ കൊണ്ട് ബില്ലിൽ ഒപ്പുവെപ്പിച്ചതെന്നും ഇത് സി.പി.എമ്മിന്റെ സംഘപരിവാർ ബന്ധത്തിനുള്ള തെളിവാണെന്നും വി.ഡി.സതീശൻ പറഞ്ഞു. വയനാട് വെറ്ററിനറി സർവകലാശാലയിലെ വിദ്യാർഥിയുടെ മരണത്തിൽ പ്രതികളായ എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാനാണ് ശ്രമിക്കുന്നത്. പൊലീസിന്റെ പ്രതികരണം ദുർബലമാണ്. ക്രിമിനൽ സംഘമായി എസ്.എഫ്.ഐ മാറിയെന്നും അദ്ദേഹം കുറ്റപ്പെടുത്തി. എസ്.എഫ്.ഐക്കാരെ സംരക്ഷിക്കാൻ ശ്രമിച്ചാൽ ശക്തമായ സമരങ്ങളുമായി പ്രതിപക്ഷം മുന്നോട്ട് പോകുമെന്നും അദ്ദേഹം പറഞ്ഞു.
ലോകായുക്ത ബില്ലിന് കഴിഞ്ഞ ദിവസമാണ് രാഷ്ട്രപതി അംഗീകാരം നൽകിയത്. ലോകയുക്ത ബില്ലുൾപ്പടെ ഏഴോളം ബില്ലുകൾ രാഷ്ട്രപതിയുടെ പരിഗണനക്ക് ഗവർണർ അയച്ചിരുന്നു. ബില്ലുകൾ ഗവർണർ പിടിച്ചുവെക്കുന്നതിനെതിരെ കേരളം നൽകിയ ഹരജി സുപ്രീംകോടതി പരിഗണിക്കാനിരിക്കെയായിരുന്നു ഗവർണറുടെ നടപടി.