ഹിമാചൽ പ്രദേശ് : മുഖ്യമന്ത്രി പദത്തിൽ നിന്ന് രാജിവെക്കില്ലെന്ന് ഹിമാചൽ പ്രദേശ് മുഖ്യമന്ത്രി സുഖ്വിന്ദർ സിംഗ് സുഖു. കോൺഗ്രസ് സർക്കാർ അഞ്ചുവർഷവും തുടരും. താനൊരു പോരാളിയാണെന്നും പോരാട്ടം തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി.. ഭൂരിപക്ഷം തെളിയിക്കുമെന്നും സുഖു പറഞ്ഞു. അതേസമയം, കോൺഗ്രസ് സർക്കാരിന് ഭൂരിപക്ഷം ഇല്ലെന്ന് ബിജെപി നേതാവ് ജയറാം താക്കൂർ അവകാശപ്പെട്ടു.
ഹിമാചൽ പ്രദേശിൽ രാഷ്ട്രീയനാടകം തുടരുകയാണ്. ഇന്നലെ നടന്ന രാജ്യസഭാ തെരഞ്ഞെടുപ്പിൽ ബിജെപിയുടെ ഹർഷ് മഹാജനും കോൺഗ്രസിൻ്റെ അഭിഷേക് സിംഗ്വിക്കും 34 വോട്ടുകൾ വീതമാണ് ലഭിച്ചത്. നറുക്കെടുപ്പിൽ ഹർഷ് മഹാജൻ വിജയിച്ചു എന്നാണ് ബിജെപി അവകാശപ്പെടുന്നത്. 6 കോൺഗ്രസ് അംഗങ്ങളും 3 സ്വതന്ത്രരും ബിജെപിക്ക് വോട്ടു ചെയ്തെന്നാണ് സൂചന.
68 അംഗ നിയമസഭയിൽ ഭൂരിപക്ഷത്തിന് 35 എംഎൽഎമാരുടെ പിന്തുണ വേണമെന്നിരിക്കെ ഇന്നലെ 34 എംഎൽഎമാർ മാത്രമാണ് കോൺഗ്രസ് സ്ഥാനാർത്ഥിക്ക് വോട്ട് ചെയ്തത്. കോൺഗ്രസിന്റെ ആറ് എംഎൽഎമാരും മൂന്ന് സ്വതന്ത്ര എംഎൽഎമാരും ക്രോസ് വോട്ട് ചെയ്തതോടെയാണ് ബിജെപി സ്ഥാനാർഥിക്ക് 34 വോട്ട് ലഭിച്ചു.
ഹിമാചൽ പ്രദേശിൽ ബിജെപിക്ക് 25 എംഎൽഎമാരാണുള്ളത്. കോൺഗ്രസിന് 40 എംഎൽഎമാരും ആണുള്ളത്. ഹിമാചൽ പിടിച്ചെടുക്കുന്നതോടെ ഉത്തരേന്ത്യയെ കോൺഗ്രസ് വിമുക്തമാക്കാനാണ് ബിജെപി നീക്കം. ഉത്തരേന്ത്യയിൽ കോൺഗ്രസ് ഭരണം ഉള്ള ഏക സംസ്ഥാനമാണ് ഹിമാചൽ പ്രദേശ്.
ക്രോസ് വോട്ട് ചെയ്ത എംഎൽഎമാർക്ക് കോൺഗ്രസ് ഷോക്കോസ് നോട്ടീസ് അയച്ചിരുന്നു. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുമ്പ് മറുപടി നൽകണമെന്നായിരുന്നു ആവശ്യം. കൂറു മാറിയാൽ എംഎൽഎമാരെ അയോഗ്യരാക്കും എന്നാണ് സൂചന. ഇതിനിടെ മന്ത്രി വിക്രമാദിത്യ സിംഗ് രാജിവെക്കുകയും സുഖ്വിന്ദറിനെ മുഖ്യമന്ത്രി സ്ഥാനത്തുനിന്ന് നീക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. കൂറ് മാറിയ എംഎൽഎമാരിൽ മൂന്ന് പേരും മുഖ്യമന്ത്രിയെ മാറ്റണമെന്നാവശ്യപ്പെട്ടു. ഭുപിന്ദർ സിംഗ് ഹൂഢയും ഡി കെ ശിവകുമാറും കൂറുമാറിയ കോൺഗ്രസ് എംഎൽഎമാരുമായി ആശയവിനിമയം നടത്തിയെങ്കിലും ഇത് വിജയിച്ചതായ സൂചനയില്ല. അനുനയ നീക്കവുമായി പ്രിയങ്ക ഗാന്ധിയും ഹിമാചൽ പ്രദേശിൽ എത്തിയിരുന്നു. ഇതിനിടെയാണ് രാജിവെക്കില്ലെന്ന സുഖ്വിന്ദർ സുഖുവിൻ്റെ പ്രഖ്യാപനം. ഇതോടെ ഹിമാചലിൽ കാര്യങ്ങൾ കൂടുതൽ സങ്കീർണമാവും.