തിരുവനന്തപുരം: സർക്കാരിന് കുറവുകൾ പരിഹരിച്ചു മുന്നോട്ടുപോകാനുള്ള അഭിപ്രായങ്ങൾ മുഖാമുഖത്തിൽ നിന്ന് വരട്ടെയെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുതിർന്ന പൗരന്മാരുടെ വിവിധ പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് വേണ്ടി സർക്കാർ വിവിധ പദ്ധതികൾ നടപ്പിലാക്കുന്നുണ്ട്. ഇനിയുള്ള കുറവുകൾ കണ്ടെത്തി മുന്നോട്ടുപോകേണ്ടത് അത്യാവശ്യമാണ്. അതിന് കൂടിയ വേണ്ടിയാണു മുഖാമുഖം പരിപാടി സംഘടിപ്പിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
സാമ്പത്തിക പ്രതിസന്ധിക്കിടയിലും സംസ്ഥാനം ക്ഷേമപെൻഷൻ നൽകുന്നു. കേന്ദ്ര വിഹിതം കുടിശികയായി തുടരുമ്പോഴും സംസ്ഥാനം അതിന് മുടക്കം വരുത്തുന്നില്ല. വയോജനങ്ങളോടുള്ള സംസ്ഥാനത്തിൻ്റെ കരുതലാണിത്. വയോജനങ്ങളുടെ സംരക്ഷണത്തിനായി വയോജന കമ്മീഷൻ കൊണ്ടുവരും. വയോജന മേഖലയിൽ സമഗ്ര നിയമനിർമ്മാണം നടപ്പിലാക്കും. അതിനായി ഒരു ബിൽ കൊണ്ടുവരുന്നുണ്ടെന്നും മുഖ്യമന്ത്രി അറിയിച്ചു.