ബെംഗളൂരു: ബൈജൂസിനെതിരെ ഊർജിതനീക്കവുമായി ആൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്.. ബൈജു ഇന്ത്യവിട്ടെന്നാണ് നിലവിലെ സൂചന..അദ്ദേഹം ദുബായിലേക്ക് കടന്നു എന്നും വിവരമുണ്ട്. നേരത്തേ ബൈജു ഇന്ത്യ വിട്ടാൽ അറിയിക്കണമെന്ന് കാട്ടി ഇഡി നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. അതിന് ശേഷമാണ് ബൈജു രവീന്ദ്രൻ ദുബായിലേക്ക് പോയത്. അന്ന് രാജ്യം വിടുന്നതിന് തടസ്സമുണ്ടായിരുന്നില്ല എന്നതിനാലാണ് ബൈജു ദുബായിലേക്ക് മാറിയത്. ബൈജു ഇനി ഇന്ത്യയിലേക്ക് തിരികെ വരുമോ എന്നതിൽ വ്യക്തതയില്ല. ബൈജു രവീന്ദ്രനെതിരെ കഴിഞ്ഞ ദിവസം ഇഡി പുറത്തിറക്കിയിരുന്നു.
ഇന്നത്തെ എക്സ്ട്രാ ഓർഡിനറി ജനറൽ മീറ്റിംഗിൽ ബൈജു രവീന്ദ്രൻ പങ്കെടുക്കില്ല. ഓൺലൈനായാണ് ഇന്ന് ഇജിഎം നടക്കുക. ചാൻ സക്കർബർഗ് ഇനിഷ്യേറ്റീവ് അടക്കം ബൈജൂസിന്‍റെ പാരന്‍റ് കമ്പനിയിൽ 30% ഓഹരിയുള്ള നിക്ഷേപകരാണ് ഇന്നത്തെ യോഗം വിളിച്ചിരിക്കുന്നത്. ഗ്രൂപ്പ് സിഇഒ സ്ഥാനത്ത് നിന്ന് ബൈജുവിനെ വോട്ടിനിട്ട് നീക്കുക എന്നതാണ് യോഗത്തിന്‍റെ ഒരു അജണ്ട. സഹോദരൻ റിജു രവീന്ദ്രൻ, ഭാര്യ ദിവ്യ ഗോകുൽ നാഥ് എന്നിവരെയും തൽസ്ഥാനങ്ങളിൽ നിന്ന് നീക്കും. പുതിയൊരാളെ നിയമിക്കുന്നത് വരെ കമ്പനിക്ക് ഒരു ഇടക്കാല സിഇഒയെ കണ്ടെത്തും. ഇജിഎം നടന്ന് മുപ്പത് ദിവസത്തിനകം പുതിയ ഡയറക്ടർ ബോർഡിനെ നിയമിക്കും. ഇന്നത്തെ ഇജിഎമ്മിൽ എടുക്കുന്ന തീരുമാനങ്ങൾ അന്തിമ ഉത്തരവ് വരുന്നത് വരെ നടപ്പാക്കരുതെന്ന് കർണാടക ഹൈക്കോടതി ഇടക്കാല ഉത്തരവിൽ പറഞ്ഞിരുന്നു. എന്നാൽ ഇജിഎം നടത്തുന്നതിന് തടസ്സമില്ലെന്നും കർണാടക ഹൈക്കോടതി വ്യക്തമാക്കിയിരുന്നു.