ന്യൂഡൽഹി: എയർ ഇന്ത്യ പുറത്തിറക്കിയ പുതുതായി രൂപകൽപ്പന ചെയ്ത വിമാനങ്ങളുടെ ചിത്രങ്ങൾ വൈറലാകുന്നു. എ 350-900 മോഡൽ എയർക്രാഫ്റ്റ് സിംഗപ്പൂരിൽ നിന്നും ഫ്രാൻസിലെ തൗലോസിലേക്ക് ഇന്ന് എത്തിച്ചു. വിമാനത്തിന്റെ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ എയർ ഇന്ത്യ പങ്കുവച്ചു. പുതിയൊരു അദ്ധ്യായത്തിന് തുടക്കം കുറിക്കുന്നുവെന്ന് എയർ ഇന്ത്യ അറിയിച്ചു. യാത്രക്കാർക്ക് പുത്തൻ ആധുനിക സൗകര്യങ്ങളോടുകൂടിയ യാത്രാ അനുഭവം ലഭ്യമാക്കുക എന്ന ലക്ഷ്യത്തിലേക്കുള്ള പുതിയൊരു കാൽവെപ്പ് കൂടിയാകും ഇതെന്ന് അധികൃതർ വ്യക്തമാക്കി. സിംഗപ്പൂരിൽ വച്ചാണ് വിമാനത്തിന് പുതിയ രൂപകൽപന ചെയ്തത്. അടുത്ത മാസത്തിന് മുൻപായി വിമാനം കൈമാറും. ഇതിനുമുന്നോടിയായി ചെയ്യേണ്ട പ്രവർത്തനങ്ങൾക്ക് വേണ്ടിയാണ് വിമാനം സിംഗപ്പൂരിൽ നിന്ന് ഫ്രാൻസിലേക്ക് എത്തിച്ചതെന്ന് എയർ ഇന്ത്യയുടെ മുതിർന്ന ഉദ്യോഗസ്ഥൻ മാദ്ധ്യമങ്ങളോട് പറഞ്ഞു. അടുത്തിയെടാണ് ടാറ്റയുടെ ഉടമസ്ഥതയിലുള്ള എയർ ഇന്ത്യ സർവീസുകൾ കൂടുതൽ വികസിപ്പിക്കുക എന്ന ലക്ഷ്യത്തോടെ 40 എയർബസുകൾ കൂടി വാങ്ങാനുള്ള തീരുമാനമെടുത്തത്. ആറ് എ 350-900 വിമാനവും 34 എ 350 -1000 വിമാനവുമാണ് പുതുതായി വാങ്ങുന്നത്. എ 350-900ന്റെ ആദ്യ വിമാനം ഡിസംബറോടെ കൈമാറും. ബാക്കിയുള്ള അഞ്ച് എ350-900 വിമാനങ്ങൾ അടുത്ത വർഷം മാർച്ചോടെ ലഭിക്കുമെന്നാണ് എയർ ഇന്ത്യ അറിയിച്ചത്.