മുംബയ്: അടുത്തിടെ കൊല്ലത്ത് കുട്ടിയെ തട്ടിക്കൊണ്ട് പോയത് വലിയ വാർത്തയായിരുന്നു. കുട്ടിയെ കണ്ടെത്താൻ വലിയ പരിശ്രമമാണ് പൊലീസും പൊതുജനങ്ങളും ചേർന്ന് നടത്തിയത്. ഇപ്പോഴിതാ വ്യത്യസ്തമായൊരു തട്ടികൊണ്ട് പോകാൻ വാർത്ത മഹാരാഷ്ട്രയിൽ നിന്ന് പുറത്തുവരികയാണ്.
പിതാവിന്റെ കൈയിൽ നിന്ന് പണം ലഭിക്കാൻ 20കാരനായ മകൻ സ്വന്തം തട്ടികൊണ്ട് പോകൽ സൃഷ്ടിക്കുകയായിരുന്നു. മഹാരാഷ്ട്രയിലെ പൽഗാർ ജില്ലയിലാണ് സംഭവം നടന്നത്. ഡിസംബർ ഏഴിനാണ് മകനെ കാണാനില്ലെന്ന് പറഞ്ഞ് വാലിവ് പൊലീസ് സ്റ്റേഷനിൽ പിതാവ് വിളിക്കുന്നത്. പൽഗാർ വസായിലെ ഫാതർവാഡി സ്വദേശിയാണ് പിതാവ്. മകൻ അന്നേദിവസം വീട്ടിൽ നിന്ന് പോയിട്ട് തിരികെയെത്തിയില്ലെന്നാണ് പിതാവ് പൊലീസിനെ അറിയിച്ചത്. തുടർന്ന് ഡിസംബർ എട്ടിന് പൊലീസ് മിസിംഗ് കേസ് രജിസ്റ്റർ ചെയ്തു.
സംഭവത്തിൽ അന്വേഷണം നടക്കുന്നതിനിടെ പിതാവിന് മകന്റെ കോൾ വന്നു. മൂന്ന് ആളുകൾ ചേർന്ന് തന്നെ തട്ടികൊണ്ട് പോയെന്നും പിടിച്ചുവച്ചിരിക്കുകയാണെന്നും മകൻ പിതാവിനെ അറിയിച്ചു. 30,000 രൂപ കൊടുത്തില്ലെങ്കിൽ തട്ടികൊണ്ട് പോയവർ തന്നെ കൊല്ലുമെന്നും മകൻ പിതാവിനോട് പറഞ്ഞുവെന്ന് പൊലീസ് വ്യക്തമാക്കി.
ഇതിനിടെ പണം അയച്ചുകൊടുക്കാൻ ക്യു ആർ കോഡും മകൻ പിതാവിന് അയച്ചുകൊടുത്തു. നാല് പൊലീസ് സംഘങ്ങളായി തിരിഞ്ഞാണ് യുവാവിനെ കണ്ടെത്താൻ അന്വേഷണം നടത്തിയത്. തുടർന്ന് യുവാവ് വസായി ഫാട്ടാ എന്ന സ്ഥലത്തുള്ളതായി പൊലീസ് കണ്ടെത്തി.
പിന്നാലെ നടന്ന ചോദ്യം ചെയ്യലിൽ മകൻ കുറ്റം സമ്മതിക്കുകയായിരുന്നു. പിതാവിനോട് പണം ആവശ്യപ്പെട്ടിരുന്നുവെന്നും എന്നാലിത് നൽകാൻ പിതാവ് തയ്യാറാകാത്തതിനാലാണ് തട്ടികൊണ്ട് പോകൽ നാടകത്തിന് പദ്ധതിയിട്ടതെന്നും യുവാവ് പൊലീസിന് മൊഴി നൽകി. സംഭവത്തിൽ 20കാരനെ കസ്റ്റഡിയിലെടുത്തെന്നും കൂടുതൽ അന്വേഷണം നടക്കുകയാണെന്നും പൊലീസ് വ്യക്തമാക്കി.