കട്ടപ്പന: ഇടുക്കി വാഴവരയിലെ സ്വകാര്യ ഫാമിലെ സ്വിമ്മിംഗ് പൂളിൽ സ്ത്രീയുടെ കത്തിക്കരിഞ്ഞ മൃതദേഹം കണ്ടെത്തി. വാഴവര മോർപ്പാളയിൽ ജോയ്സ് എബ്രഹാമിന്റെ (50) മൃതദേഹമാണ് കണ്ടെത്തിയത്. സംഭവത്തിൽ ഭർത്താവ് എബ്രഹാമിനെയും ഇയാളുടെ അനുജന്റെ ഭാര്യ ഡയാനയെയും തങ്കമണി പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്ന് ഉച്ചയോടെയാണ് സംഭവം. ഫാം സന്ദർശിക്കാനെത്തിയവരാണ് മൃതദേഹം കണ്ടത്. വിദേശത്തായിരുന്ന ജോയ്സും എബ്രഹാമും നാലുമാസം മുൻപാണ് നാട്ടിൽ തിരിച്ചെത്തിയത്. ഫാം സ്ഥിതി ചെയ്യുന്ന തറവാട്ട് വീട്ടില്‍ അനുജനൊപ്പമായിരുന്നു ഇവരുടെ താമസം. മൃതദേഹം ഇടുക്കി മെഡിക്കല്‍ കോളേജിലേക്ക് മാറ്റി. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.