തിരുവനന്തപുരം: സ്മാര്‍ട്ട്‌സിറ്റി പദ്ധതിയുടെ ഭാഗമായി അടച്ചിട്ടിരുന്ന തിരുവനന്തപുരം സ്റ്റാച്യു ജനറല്‍ ആശുപത്രി റോഡ് തുറന്നു നല്‍കി. തലസ്ഥാനത്ത് ഗതാഗത യോഗ്യമാക്കുന്ന അഞ്ചാമത്തെ സ്മാര്‍ട്ട് റോഡാണിത്.
പൊതുമരാമത്ത് ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തില്‍ വ്യാപാരി വ്യവസായി സമിതിയാണ് റോഡ് തുറന്നു നല്‍കിയത്. ആദ്യഘട്ട ടാറിങ് പൂര്‍ത്തിയായ റോഡില്‍ നടപ്പാത നിര്‍മ്മാണം ഉള്‍പ്പെടെ അനുബന്ധ ജോലികളും ബാക്കിയാണ്. രണ്ടാംഘട്ട ടാറിങ്, നടപ്പാത നിര്‍മ്മാണം, അനുബന്ധ ജോലികള്‍ എത്രയും വേഗം തന്നെ പൂര്‍ത്തിയാക്കുമെന്ന് സര്‍ക്കാര്‍ ഉറപ്പു നല്‍കിയിട്ടുണ്ടെന്ന് വ്യാപാര വ്യവസായി സമിതി തിരുവനന്തപുരം ജോയിന്‍ സെക്രട്ടറി പറഞ്ഞു.
സ്മാര്‍ട്ട് സിറ്റി പദ്ധതിയുടെ ഭാഗമായുള്ള 13 റോഡുകളില്‍ അഞ്ചാമത്തെ റോഡാണ് ഇന്ന് തുറന്നു നല്‍കിയത്. തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു പെരുമാറ്റ നിലവിലുള്ളതിനാല്‍ പൊതുമരാമത്ത് മന്ത്രിയോ മറ്റു മന്ത്രിമാരോ പങ്കെടുത്തില്ല. 450 മീറ്ററിന് അടുത്ത് നീളമുള്ള സ്റ്റാച്യു ജനറല്‍ ആശുപത്രി റോഡിന്റെ നിര്‍മ്മാണ ചെലവ് നാലു കോടി രൂപയ്ക്ക് മുകളിലാണ്. നിരവധി കച്ചവടക്കാരും വ്യാപാരികളും ഉള്ള ഈ പ്രദേശത്തെ റോഡ് മാസങ്ങളായി അടച്ചിട്ടിരിക്കുകയായിരുന്നു. റോഡ് തുറന്നു നല്‍കുന്ന ആശ്വാസമാകും എന്നാണ് കച്ചവടക്കാര്‍ പറയുന്നത്.