മലപ്പുറം: സമസ്തയുടെ മുഖപത്രമായ സുപ്രഭാതം പത്രത്തിന്റെ ഗൾഫ് എഡിഷൻ ഉദ്ഘാടനത്തിൽ നിന്ന് മുസ്‌ലിം ലീഗ് നേതാക്കൾ വിട്ടുനിൽക്കും. സാദിഖലി തങ്ങളും പി.കെ കുഞ്ഞാലിക്കുട്ടിയും ഉൾപ്പെടെയുള്ള നേതാക്കൾ പങ്കെടുക്കില്ല. ഉദ്ഘാടന ദിവസമായ ശനിയാഴ്ച ലീഗ് സംസ്ഥാന കമ്മിറ്റി യോഗം കോഴിക്കോട് ചേരുന്നുണ്ട്. ഈ യോഗത്തിലാവും നേതാക്കൾ പങ്കെടുക്കുക.
സുപ്രഭാതം എഡിറ്ററും പബ്ലിഷറുമായ ഡോ. ബഹാവുദ്ദീൻ നദ്‌വിയും ഗൾഫ് എഡിഷൻ പരിപാടിയിൽ പങ്കെടുക്കില്ല. സമസ്തയിലെ ഒരു വിഭാഗവും മുസ്‌ലിം ലീഗും തമ്മിലുള്ള തർക്കത്തെ തുടർന്നാണ് പരിപാടിയിൽ നിന്നും ലീഗ് നേതാക്കൾ വിട്ടുനിൽക്കുന്നത്.
ലോക്സഭാ തെരഞ്ഞെടുപ്പ് കാലത്ത് സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ വലിയ പ്രചാരണം നടത്തിയിരുന്നു. സമസ്തയ്‌ക്കെതിരെ ലീഗ് പ്രവർത്തിക്കുന്നുവെന്നും അതിനാൽ പൊന്നാനിയിലും മലപ്പുറത്തും അവരുടെ സ്ഥാനാർഥികളെ പരാജയപ്പെടുത്തണമെന്നുമുള്ള പ്രചാരണം നടന്നിരുന്നു. ഇത് വിവാദമായതോടെ, സമസ്ത സംസ്ഥാന പ്രസിഡന്റും ജനറൽ സെക്രട്ടറിയുമടക്കമുള്ള സമസ്ത ഔദ്യോഗിക നേതൃത്വം ഇത് തള്ളി പ്രസ്താവന ഇറക്കി.
എന്നാൽ ഇതിനു ശേഷവും സമസ്തയിലെ ഒരു വിഭാഗം ലീഗിനെതിരെ പ്രവർത്തിച്ചെന്നും ഇവർക്കെതിരെ ഒരു വിട്ടുവീഴ്ചയും വേണ്ടെന്നുമാണ് പാർട്ടി തീരുമാനം. ലീഗിനെതിരെ പ്രവർത്തിക്കുന്ന വിഭാഗത്തിലെ ഒരു പ്രധാന നേതാവ് കഴിഞ്ഞദിവസം സാദിഖലി തങ്ങളെ വന്നുകാണുകയും സുപ്രഭാതം പരിപാടിയിൽ പങ്കെടുക്കണം എന്നാവശ്യപ്പെടുകയും ചെയ്തിരുന്നു. എന്നാൽ ഒരു തരത്തിലും സഹകരിക്കില്ലെന്ന നിലപാടാണ് സാദിഖലി തങ്ങൾ സ്വീകരിച്ചതെന്നാണ് വിവരം. ലീഗിനെതിരെ പരസ്യമായി രംഗത്തുള്ള ഈ വിഭാഗവുമായി അനുരഞ്ജനം വേണ്ടെന്ന നിലപാടിലാണ് ലീഗ്.
പരിപാടിക്ക് സാദിഖലി തങ്ങൾ പങ്കെടുക്കും എന്ന ഫുൾപേജ് പരസ്യം പോലും സുപ്രഭാതം പത്രം ഒന്നാം പേജിൽ തന്നെ നൽകിയിരുന്നു. എന്നാൽ വിട്ടുനിൽക്കാനുള്ള തീരുമാനത്തിലൂടെ ലീഗിനെതിരെ പ്രവർത്തിക്കുന്നവരുമായി ഒരു തരത്തിലും സന്ധിയില്ലെന്ന സന്ദേശമാണ് ലീഗ് നൽകുന്നത്. പരിപാടിയിൽ നിന്നും നേതാക്കൾ വിട്ടുനിൽക്കാൻ തീരുമാനിച്ചത് സമസ്ത- ലീഗ് ബന്ധത്തെ വരുംദിവസങ്ങളിൽ എങ്ങനെ ബാധിക്കുമെന്നാണ് കാണേണ്ടത്.