തിരുവനന്തപുരം: കേരള സർവകലാശാല കലോത്സവത്തിനിടെ നടന്ന സംഘർഷത്തിൽ പ്രതികരണവുമായി പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ. സിദ്ധാർഥൻ്റെ മരണം എസ്എഫ്ഐ ക്രിമിനലുകളുടെ കണ്ണ് തുറപ്പിച്ചില്ല. കെഎസ്‍യു പ്രവർത്തകരെ എസ്എഫ്ഐ വളഞ്ഞിട്ട് ആക്രമിക്കുകയാണെന്നും ആക്രമണം തുടർന്നാൽ പ്രവർത്തകരുടെ സംരക്ഷണം കോൺഗ്രസ് ഏറ്റെടുക്കുമെന്നും വി.ഡി സതീശൻ.
കോൺഗ്രസിൽ നിന്ന് ബിജെപിയിലേക്ക് ആളുകൾ പോകുന്നതിനെ മുഖ്യമന്ത്രി പരിഹസിക്കുന്നുണ്ട്. ഒരു സിപിഐഎം മന്ത്രിയും എംഎൽഎയും ബിജെപിയിൽ ചേർന്നത് ഇതേ മുഖ്യമന്ത്രി പാർട്ടി സെക്രട്ടറിയായിരുന്ന കാലത്താണ് എന്നത് മറക്കരുത്. അന്ന് സിപിഐഎം നാണംകെട്ട പാർട്ടിയായിരുന്നോ എന്ന് മുഖ്യമന്ത്രി പറയണമെന്നും പ്രതിപക്ഷ നേതാവ് ആവശ്യപ്പെട്ടു.
പിണറായി വിജയനും ബിജെപിക്കും ഇടയിൽ അന്തർധാര സജീവമാണ്. ലാവ്‌ലിൻ കേസിലും അത് കണ്ടു. പലയിടത്തും ബിജെപി രണ്ടാം സ്ഥാനത്തെത്തുമെന്ന് എൽഡിഎഫ് കൺവീനർ പറയുന്നു. അദ്ദേഹം എൻഡിഎ ചെയർമാനാണോ എന്ന് സംശയം? ബിജെപി രണ്ടാമത് എത്തുമ്പോൾ സിപിഐഎം മൂന്നാമത് പോകും. കേരളത്തിൽ ബിജെപിക്ക് ഇല്ലാത്ത പരിഗണനയാണ് CPIM ഒരുക്കുന്നത്. ഇത് മുഖ്യമന്ത്രിയുടെ കുടുംബത്തെ സംരക്ഷിക്കാനാണെന്നും അദ്ദേഹം ആരോപിച്ചു.