അഹമ്മദാബാദ്: ടി 20 ലോകകപ്പിനുള്ള ഇന്ത്യൻ ടീമിനെ പ്രഖ്യാപിച്ചു. മലയാളി താരവും രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനുമായ സഞ്ജു സാംസൺ ഇന്ത്യയുടെ 15 അംഗ ടീമിൽ ഇടം നേടിയിട്ടുണ്ട്. രണ്ടാം വിക്കറ്റ് കീപ്പറായിട്ടാണ് സഞ്ജുവിനെ ഉൾപ്പെടുത്തിയിരിക്കുന്നത്. ഐപിഎല്ലിലെ മികച്ച പ്രകടനമാണ് സഞ്ജുവിന് ടീമിലേക്കുള്ള വഴിയൊരുക്കിയത്. ശ്രീശാന്തിന് ശേഷം ലോകകപ്പ് ടീമിൽ ഇടം നേടുന്ന മലയാളിയാണ് സഞ്ജു.രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് ശക്തമായ മത്സരമാണ് ഉണ്ടായിരുന്നത്. റിഷഭ് പന്ത് നേരത്തെ തന്നെ ഒന്നാം വിക്കറ്റ് കീപ്പർ സ്ഥാനം ഉറപ്പിച്ചിരുന്നു. സഞ്ജുവിനെ കൂടാതെ കെഎൽ രാഹുൽ, ജിതേഷ് ശർമ്മ എന്നിവരാണ് രണ്ടാം വിക്കറ്റ് കീപ്പർ സ്ഥാനത്തേക്ക് മത്സരരംഗത്തുണ്ടായിരുന്നത്. എന്നാൽ രാജസ്ഥാന് വേണ്ടി മികച്ച ബാറ്റിംഗ് പ്രകടനം നടത്തുന്നതിനൊപ്പം ടീമിന്റെ കുതിപ്പിലും സഞ്ജു നിർണായക സ്വാധീനമാകുന്നത് സെലക്ടർമാർക്ക് കാണാതിരിക്കാനായില്ല.രോഹിത് ശർമ്മ നയിക്കുന്ന ടീമിന്റെ വൈസ് ക്യാപ്റ്റൻ ഹർദിക് പാണ്ഡ്യയാണ്. വിരാട് കോലി, ജസ്പ്രീത് ബുംറ, രവീന്ദ്ര ജഡേജ, യുസ്വേന്ദ്ര ചാഹൽ, സൂര്യകുമാർ യാദവ്, റിഷഭ് പന്ത്, യശ്വസി ജയ്‌സ്വാൾ, ശിവം ദുബെ, അക്‌സർ പട്ടേൽ, കുൽദീപ് യാദവ്, അർഷ്ദീപ് സിംഗ് മുഹമ്മദ് സിറാജ് എന്നിവരാണ് 15 അംഗ ടീമിൽ ഉൾപ്പെട്ടിരിക്കുന്നത്. റിസർവ് ബെഞ്ചിൽ ശുഭ്മാൻ ഗിൽ, റിങ്കു സിംഗ്, ഖലീൽ അഹമ്മദ്, ആവേശ് ഖാൻ എന്നിവരും ഉണ്ട്.9 മത്സരങ്ങളിൽ നിന്ന് 385 റൺസുമായി ഓറഞ്ച് ക്യാപ്പ് പട്ടികയിൽ നിലവിൽ ആറാം സ്ഥാനത്താണ് സാംസൺ. 77 ശരാശരിയിൽ 161 സ്ട്രൈക്ക് റേറ്റിലാണ് സാംസൺ ബാറ്റ് ചെയ്യുന്നത്. 2022 ലെ ടി 20 ലോകകപ്പിലും 2023 ലെ ഏകദിന ലോകകപ്പിലും സഞ്ജു സാംസണെ അവഗണിച്ചിരുന്നു. ഇതിനെ തുടർന്ന് സോഷ്യൽ മീഡിയയിൽ ആരാധകരിൽ നിന്ന് ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു.എന്നാൽ സഞ്ജു സാംസൺ ഇന്ത്യയുടെ അമൂല്യമായ സമ്പത്താണെന്നും ഭാവിയിൽ അവസരം ലഭിക്കുമെന്നും രോഹിത് ശർമ ഉറപ്പ് നൽകിയിരുന്നു. ടി 20 ലോകകപ്പിൽ ജൂൺ അഞ്ചിന് അയർലൻഡിനെതിരെയാണ് ഇന്ത്യയുടെ ആദ്യ മത്സരം. സഞ്ജു സാംസണിന് അമേരിക്കയിലും നിരവധി ആരാധകരുണ്ട്. പ്ലേയിംഗ് ഇലവനിൽ അവസരം ലഭിച്ചാൽ സഞ്ജുവിന് മികച്ച ഗ്രൗണ്ട് സപ്പോർട്ട് ലഭിക്കും എന്നുറപ്പാണ്.