കോഴിക്കോട്: കേരളത്തിന് ലഭിക്കേണ്ട ഫണ്ടുകളുടെ കാര്യത്തിൽ സംസ്ഥാന സർക്കാർ കേന്ദ്രത്തിനെതിരെ യോജിച്ച നീക്കത്തിന് തയാറായാൽ പ്രതിപക്ഷം ഒപ്പമുണ്ടാകുമെന്ന് മുസ്ലിം ലീഗ് നേതാവ് പി.കെ. കുഞ്ഞാലിക്കുട്ടി. ചാനൽ പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
പ്രതിപക്ഷത്തിന്‍റെ കൂടി സഹായത്തോടെ കൂടുതൽ ഫണ്ട് കിട്ടാനുള്ള നീക്കം സർക്കാർ നടത്തട്ടെ. കേരളത്തിനുള്ള ഫണ്ട് കിട്ടിയേ തരൂ. പക്ഷേ, പരസ്പര ആരോപണത്തിന് വേണ്ടി ഉന്നയിക്കുന്നതല്ലാതെ സർക്കാർ ഇതിനായി ഫലപ്രദമായ ഒരു സർവകക്ഷി നീക്കം നടത്തട്ടെ -കുഞ്ഞാലിക്കുട്ടി പറഞ്ഞു.
ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ ആ പദവിയുടെ പ്രാധാന്യം നോക്കാതെ പല കാര്യങ്ങളും പറയുന്നുണ്ട്. സർക്കാർ അതിനെ കൈകാര്യം ചെയ്യുന്ന രീതിയിലും നിലവാരത്തകർച്ചയുണ്ട്. തെരഞ്ഞെടുക്കപ്പെട്ട സർക്കാറിന്‍റെ അധികാരം ഗവർണർ കൈയിലെടുക്കുന്നതിനെ കോൺഗ്രസോ ലീഗോ ഒരിക്കലും അനുകൂലിക്കില്ലെന്നും കുഞ്ഞാലിക്കുട്ടി പറഞ്ഞു.