തിരുവനന്തപുരം: ശക്തമായ മഴ തുടരുന്നതിനാൽ സംസ്ഥാനത്ത് 6 ജില്ലകളിൽ ഇന്ന് വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി. വയനാട്, പത്തനംതിട്ട, ഇടുക്കി, കോട്ടയം, എറണാകുളം, ആലപ്പുഴ ജില്ലകളിലാണ് കളക്ടര്‍മാർ അവധി പ്രഖ്യാപിച്ചത്. കണ്ണൂര്‍ ജില്ലയിലെ ഇരിട്ടി താലൂക്കിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും ഇന്ന് അവധിയാണ്. പ്രൊഫഷണൽ കോളേജുകൾ ഉൾപ്പടെ എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധി ബാധകമാണ്. ദുരിതാശ്വാസ ക്യാന്പുകൾ പ്രവർത്തിക്കുന്ന വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയാണ്. മുൻകൂട്ടി നിശ്ചയിച്ച പരീക്ഷകള്‍ക്കും പിഎസ്സി പരീക്ഷകള്‍ക്കും മാറ്റമുണ്ടാകില്ല. ഇടുക്കിയിലും വയനാട്ടിലും കോട്ടയത്തും വിനോദ സഞ്ചാരത്തിന് വിലക്കുണ്ട്.
അവധി നിർദേശം മറികടന്ന് പ്രവർത്തിച്ചാൽ ശക്തമായ നടപടിയെടുക്കുമെന്ന് പത്തനംതിട്ട ജില്ലാ കളക്ടർ വ്യക്തമക്കി. ചില ട്യൂഷൻ സെന്ററുകൾ ക്ലാസുകൾ നടത്താൻ തീരുമാനിച്ച വിവരം ശ്രദ്ധയിൽപെട്ടതോടെയാണ് കളക്ടറുടെ മുന്നറിയിപ്പ്.
ഇടുക്കിയിൽ മുന്നാർ ഉൾപ്പെടെയുള്ള മേഖലയിൽ ഇടവിട്ട് മഴ തുടരുകയാണ്. പ്രശ്‌ന സാധ്യത കണക്കിലെടുത്ത് ജില്ലയിലെ വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ നിയന്ത്രണം ഏർപ്പെടുത്തി. രാത്രി യാത്ര നിരോധനവും തുടരുന്നുണ്ട്. തമിഴ്‌നാട്ടിലേക്ക് ദേവികുളം വഴിയുള്ള പാത മാറ്റി നിർത്തി ആനച്ചാൽ വഴി പോകാൻ നിർദേശമുണ്ട്. കല്ലാർ കുട്ടി, പാംബ്ല, മൂന്നാർ ഹെഡ് വർക്ക് ഡാം എന്നിവയുടെ ഷട്ടറുകൾ തുറന്നതിനാൽ പെരിയാർ, മുതിരപ്പുഴയാർ എന്നിവയുടെ തീരങ്ങളിൽ ജാഗ്രത നിർദ്ദേശമുണ്ട്.