നവീൽ നിലമ്പൂർ
മഞ്ചേരി: പാരമ്പര്യ വൈദ്യന്‍ മൈസൂരുവിലെ ഷാബ ഷെരീഫ് വധക്കേസിന്റെ വിചാരണ ഈ മാസം 15ന് മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ ആരംഭിക്കും. 2019 ഓഗസ്റ്റിലാണ് കേസിന്നാസ്പദമായ സംഭവം. ഷാബാ ഷെരീഫിനെ തട്ടിക്കൊണ്ടു വന്നു ഒന്നാം പ്രതിയുടെ മുക്കട്ടയിലെ വീട്ടില്‍ തടവില്‍ പാര്‍പ്പിച്ചെന്നും പിന്നീട് കൊലപ്പെടുത്തി കഷ്ണങ്ങളാക്കി ചാലിയാറില്‍ ഒഴുക്കിയെന്നുമാണ് പ്രോസിക്യൂഷന്‍ കേസ്. മൃതദേഹം കഷ്ണങ്ങളാക്കി പുഴയില്‍ തള്ളിയതിനാല്‍ അവശിഷ്ടങ്ങള്‍ കണ്ടെത്താന്‍ പൊലീസിനായില്ല. അതു കൊണ്ടുതന്നെ പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ പിന്‍ബലവും കേസിന് ലഭിക്കില്ല. എന്നാല്‍ ഷാബാഷരീഫിന്റെ മുടി കണ്ടെത്തിയതിനാല്‍ ശാസ്ത്രീയ പരിശോധനകളും തെളിവും കേസിന്റെ വിധിയില്‍ ഏറെ നിര്‍ണ്ണായകമാവും.
കേസ് മാര്‍ച്ചിന് മുമ്പായി തീര്‍പ്പാക്കണമെന്ന് ഹൈക്കോടതി നിര്‍ദ്ദേശമുണ്ടായിരുന്നു. എന്നാല്‍ കേസ് പരിഗണിക്കേണ്ട മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (ഒന്ന്്) ജഡ്ജി എസ് നസീറ തലശ്ശേരിയിലേക്ക് സ്ഥലം മാറി പോയതിനാല്‍ കോടതി നടപടികള്‍ക്ക് കാലതാമസം നേരിടുകയായിരുന്നു.
കേസിലെ ഏഴാം പ്രതിയായിരുന്ന സുല്‍ത്താന്‍ ബത്തേരി കൈപ്പഞ്ചേരി തങ്ങളകത്ത് നൗഷാദ് എന്ന മോനു (42)വിനെ മഞ്ചേരി അഡീഷണല്‍ ജില്ലാ സെഷന്‍സ് കോടതി (രണ്ട്) മാപ്പുസാക്ഷിയാക്കിയിരുന്നു. മുക്കട്ടയിലെ തടവിലാക്കപ്പെട്ട ഷാബാ ഷരീഫിന് കാവലിരുന്നത് നൗഷാദ് ആയിരുന്നു. കൊല നടത്തിയത് ഒന്നാം പ്രതിയായതിനാല്‍ ഏഴാം പ്രതിക്ക് മേല്‍ കൊലക്കുറ്റം ചാര്‍ത്തിയിരുന്നില്ല. എന്നാല്‍ മൃതദേഹം കഷ്ണങ്ങളാക്കി നുറുക്കുന്നതിനും പിന്നീട് പുഴയില്‍ തള്ളുന്നതിനായി കൊണ്ടുപോയതിനും സഹായിയായി വര്‍ത്തിച്ചുവെന്ന കുറ്റമാണ് നൗഷാദിനു മേല്‍ ചാര്‍ത്തിയിരുന്നത്. 15ന് നൗഷാദിനെ കോടതി വിസ്തരിക്കും.
15 പ്രതികളുള്ള കേസില്‍ രണ്ടു പേരെ ഇനിയും പിടികൂടാനായിട്ടില്ല. പ്രോസിക്യൂഷനു വേണ്ടി സ്‌പെഷ്യല്‍ പബ്ലിക് പ്രോസിക്യൂട്ടര്‍ ഇ.എം.കൃഷ്ണന്‍ നമ്പൂതിരിയാണ് ഹാജരാകുന്നത്.