അരൂർ : പൊതുശുദ്ധീകരണ പ്ലാൻറ് നിർമിക്കാൻ ബജറ്റിൽ 10 കോടി രൂപ അനുവദിച്ചതോടെ വരുന്നത് അരൂരോ ചന്തിരൂരോ എന്ന ചോദ്യത്തിന് ഉത്തരമില്ല. സംസ്ഥാനത്ത് ഏറ്റവുമധികം മത്സ്യസംസ്കരണ കയറ്റുമതിശാലകൾ കേന്ദ്രീകരിക്കുന്നത് അരൂർ മണ്ഡലത്തിലാണ്. മത്സ്യോൽപന്ന കയറ്റുമതിയുടെ മികവിൽ മികവിന്റെ പട്ടണമായി കേന്ദ്രസർക്കാർ അരൂരിനെ അംഗീകരിച്ചിട്ട് വർഷങ്ങൾ കഴിഞ്ഞു.
എന്നിട്ടും ചെമ്മീൻ കമ്പനികളിലെ മാലിന്യ പ്രശ്നത്തിന് പരിഹാരമായി നിർദേശിക്കപ്പെട്ട പ്ലാൻറ് നിർമിക്കാൻ കഴിഞ്ഞില്ല. സംസ്ഥാന ബജറ്റിൽ 10 കോടി രൂപ പ്ലാൻറ് നിർമാണത്തിന് അനുവദിച്ചതായി ധനമന്ത്രി പ്രഖ്യാപിച്ചെങ്കിലും അരൂരിലാണോ ചന്തിരൂരിലണോ വരുന്നതെന്ന് നിശ്ചയമില്ല. എന്താണെങ്കിലും അരൂർ ഗ്രാമപഞ്ചായത്തിൽ പ്ലാൻറ് നിർമിക്കുന്നത് ദലീമ ജോജോ എം.എൽ.എയും വ്യവസായികളും നാട്ടുകാരും സ്വാഗതം ചെയ്യുകയാണ്.
ചന്തിരൂർ പുത്തൻതോടിന്റെ കരയിൽ ശുദ്ധീകരണ പ്ലാൻറ് നിർമിക്കാൻ നീക്കം ആരംഭിച്ചിട്ട് വർഷങ്ങൾ ഏറെയയായി. പ്രാദേശികമായ എതിർപ്പുകളുമുണ്ടായി. ബോധവത്കരണത്തിലൂടെ നാട്ടുകാരെ കാര്യങ്ങൾ ധരിപ്പിക്കണമെന്നാണ് വ്യവസായികളുടെ ആവശ്യം. രാജ്യത്തുതന്നെ ഏറ്റവും മലിനീകരിക്കപ്പെട്ട ഗ്രാമം എന്ന് കേന്ദ്ര പരിസ്ഥിതി മന്ത്രാലയം സാക്ഷ്യപ്പെടുത്തിയ പഞ്ചായത്താണ് അരൂർ.
തെരഞ്ഞെടുപ്പുകളിൽ മാലിന്യം മുഖ്യവിഷയമായി വരാറുണ്ടെങ്കിലും സമഗ്ര പദ്ധതികൾ യാഥാർഥ്യമായില്ല. കടുത്ത ശുദ്ധജല ക്ഷാമത്തിനും ആരോഗ്യ പ്രശ്നങ്ങൾക്കും അന്തരീക്ഷ മലിനീകരണത്തിനും മുഖ്യകാരണം സമുദ്രോൽപന്ന സംസ്കരണ കയറ്റുമതി വ്യവസായംതന്നെയാണ്. പൊതുശുദ്ധീകരണ പ്ലാൻറ് നിർമിച്ചാൽ മാത്രമേ വ്യവസായങ്ങൾ തുടരാൻ കഴിയുകയുള്ളൂ എന്ന അവസ്ഥയിലാണ് സർക്കാർ ഇതിന് താൽപര്യമെടുക്കുന്നത്. 70 സെന്റ് സ്ഥലം ചന്തിരൂർ പുത്തൻതോടിന്റെ കരയിൽ സർക്കാർ വാങ്ങിയിട്ടുണ്ട്. കലക്ടർ ചെയർമാനായി സൊസൈറ്റി രൂപവത്കരിച്ച് ത്രിതല പഞ്ചായത്തുകളിൽനിന്ന് സാമ്പത്തിക ശേഖരണവും നടത്തിയിട്ടുണ്ട്.