തിരുവനന്തപുരം: പിണറായി വിജയനെതിരെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. പൗരത്വ പ്രതിഷേധത്തിന്റെ പേരിൽ എടുത്ത മുഴുവൻ കേസുകളും പിൻവലിക്കാൻ തീരുമാനിച്ചിട്ടും ശബരിമല പ്രക്ഷോഭ കേസുകൾ പിൻവലിക്കാൻ തയാറാവാത്തത് പിണറായി സർക്കാരിന്റെ ഇരട്ടനീതിയാണെന്ന് കെ.സുരേന്ദ്രൻ. സി.എ.എ പ്രതിഷേധ പരിപാടികളിൽ തീവ്രവാദികളുടെ നുഴഞ്ഞു കയറ്റം ഉണ്ടെന്നും, മഹല്ല് കമ്മിറ്റികൾ ശ്രദ്ധിക്കണമെന്നും പറഞ്ഞത് ആഭ്യന്തര വകുപ്പിൻ്റെ ചുമതയുള്ള മുഖ്യമന്ത്രിയാണ്.
എന്നിട്ടും ഒരു പരിശോധനയുമില്ലാതെ നാല് വോട്ടിന് വേണ്ടി എല്ലാ കേസുകളും പിൻവലിക്കുന്നത് എന്ത് അടിസ്ഥാനത്തിലാണ്? അയൽരാജ്യങ്ങളിൽ നിന്നും മതപരമായ വിവേചനം നേരിട്ട് ആട്ടിയോടിക്കപ്പെട്ട് വരുന്ന ന്യൂനപക്ഷങ്ങൾക്ക് പൗരത്വം നൽകുന്നതിനെതിരെ നടന്ന കലാപമാണ് സി.എ.എ പ്രക്ഷോഭം. രാജ്യത്തിന്റെ പലഭാഗത്തും അത് സംഘർഷങ്ങൾ സൃഷ്ടിക്കുകയും നിരവധിപേരുടെ ജീവനെടുക്കുകയും ചെയ്തു.
എന്നാൽ, സ്വന്തം വിശ്വാസം സംരക്ഷിക്കാൻ വിശ്വാസികൾ സമാധാനപരമായി നടത്തിയ നാമജപമാണ് ശബരിമല പ്രക്ഷോഭം. നാമം ജപിച്ച കുറ്റത്തിനാണ് ആയിരക്കണക്കിന് അമ്മമാർക്കെതിരെ പോലും പൊലീസ് കേസെടുത്തത്. നിരവധി പേരെയാണ് കള്ളക്കേസിൽ കുടുക്കി ജയിലിലടച്ചത്. അയ്യപ്പവിശ്വാസികൾക്കെതിരെ എടുത്ത കേസുകൾ ഒഴിവാക്കാതിരിക്കുകയും പൗരത്വ പ്രക്ഷോഭക്കാരുടെ കേസുകൾ എഴുതിതള്ളുകയും ചെയ്യുന്നത് ഇടത് സർക്കാരിന്റെ വർഗീയപ്രീണനമാണ് തുറന്നുകാട്ടുന്നത്.
ഇതിന് കൂട്ടുനിൽക്കുകയാണ് മുഖ്യപ്രതിപക്ഷമായ കോൺഗ്രസ് ചെയ്യുന്നത്. ശബരിമല വിശ്വാസികൾക്കൊപ്പമാണെന്ന് പറയുന്ന കോൺഗ്രസ് എന്താണ് സി.എ.എ കേസുകൾക്കൊപ്പം ശബരിമല കേസുകളും പിൻവലിക്കണം എന്ന് പറയാത്തത്? തീവ്രവാദികളെ പ്രീണിപ്പിക്കാൻ വേണ്ടിയാണ് കോൺഗ്രസ് ഈ ഇരട്ടനീതിക്ക് കൂട്ടുനിൽക്കുന്നത്. ഹിന്ദുധർമ്മത്തിലെ ശക്തിയെ നശിപ്പിക്കണമെന്ന് പറയുന്ന രാഹുൽ ഗാന്ധിയുടെ അനുയായികളിൽ നിന്നും മറ്റൊന്നും പ്രതീക്ഷിക്കാനില്ലെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.