കോഴിക്കോട്: പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ പച്ച നുണ പ്രചരിപ്പിച്ച് സ്വയം അപഹാസ്യനാവുകയാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. നുണക്ക് സമ്മാനമുണ്ടെങ്കിൽ ഒന്നാം സ്ഥാനം വി.ഡി സതീശന് ലഭിക്കും. ഇലക്ടറൽ ബോണ്ട് സി.പി.എം വാങ്ങിയിട്ടുണ്ടെന്നാണ് സതീശന്റെ പുതിയ നുണ. അടുത്തിടെ തരംതാഴ്ന്ന നിലയിലാണ് സതീശന്റെ സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
“രാജ്യത്തിന് മുഴുവൻ അറിയാം കമ്മ്യൂണിസ്റ്റ് പാർട്ടികൾ ഒരു രൂപ പോലും വാങ്ങിയിട്ടില്ല. കോടിക്കണക്കിനു രൂപ വാങ്ങിയവരാണ് ഞങ്ങളെ കുറ്റപ്പെടുത്താൻ വരുന്നത്. തെളിവുണ്ടെന്ന് പ്രതിപക്ഷ നേതാവ് പറയുന്നു. പച്ച നുണക്ക് എങ്ങനെയാണ് തെളിവുണ്ടാവുക. പച്ച നുണ പ്രചരിപ്പിച്ച് സതീശൻ സ്വയം അപഹാസ്യനാവുകയാണ്”
പലരുടെയും സമനില തന്നെ തെറ്റി. എന്തും വിളിച്ചുപറയാമെന്ന മാനസിക നിലയിലാണ് ചിലർ. പ്രതിപക്ഷ നേതാവ് നല്ല രീതിയിൽ കാര്യങ്ങൾ മനസിലാക്കി പറയുന്ന ആളാണെന്നാണ് പാർട്ടിക്കാരുടെ വിചാരം. പക്ഷെ അടുത്തിടെയായി തരംതാഴ്ന്ന നിലയിലാണ് സംസാരമെന്നും മുഖ്യമന്ത്രി പറഞ്ഞു.
സി.എ.എ വിഷയത്തിൽ മുഖ്യമന്ത്രി കോൺഗ്രസിനെതിരെ വിമർശനം ആവർത്തിക്കുകയും ചെയ്തു. സി.എ.എയിൽ കോണ്‍ഗ്രസ് നേതൃത്വം ഒരക്ഷരം മിണ്ടിയില്ല. യോജിച്ച പ്രക്ഷോഭത്തിൽ നിന്നും കോൺഗ്രസ് പിന്മാറി. കോൺഗ്രസ് കേന്ദ്ര നേതൃത്വത്തിന്റെ നിർദ്ദേശപ്രകാരമായിരുന്നു പിന്മാറ്റം. അല്ലെങ്കിൽ രാഹുൽ ഗാന്ധി ഉത്തരം പറയണം. രാഹുൽ ഗാന്ധി നടത്തിയ യാത്രയിൽ ലോകത്തിലെ എല്ലാ കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. പൗരത്വ ഭേദഗതിയെക്കുറിച്ച് ഒന്നും പറഞ്ഞില്ല. കോൺഗ്രസിന്റെ പ്രകടന പത്രികയിലും സി.എ.എയെപ്പറ്റി പരാമർശിക്കുന്നില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
വടകരയിൽ കെ.കെ ശൈലജ ടീച്ചർക്കുള്ള സ്വീകാര്യത കണ്ട് സമനില തെറ്റിയപ്പോഴാണ് നിലതെറ്റിയ പ്രവർത്തനം ചിലരിൽ നിന്നുണ്ടായതെന്നും മുഖ്യമന്ത്രി കൂട്ടിച്ചേർത്തു. അത് അവർക്ക് തന്നെ വിനയാകും. സാംസ്കാരിക കേരളം ഇത് അംഗികരിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.