കോഴിക്കോട്: റിയാസ് മൗലവി വധക്കേസിൽ പ്രതികൾക്ക് അർഹമായ ശിക്ഷ ഉറപ്പാക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ …. പ്രതികൾ ഏഴ് വർഷം ജാമ്യം ലഭിക്കാതെ ജയിലിൽ കിടന്നത് പൊലീസിന്റെ അന്വേഷണ മികവ് കൊണ്ടാണെന്ന് മുഖ്യമന്ത്രി പറഞ്ഞു.
അന്വേഷണ സംഘവും പ്രോസിക്യൂഷനും സുതാര്യവും സത്യസന്ധവുമായ നിലപാടാണ് സ്വീകരിച്ചത്. പ്രതികൾക്ക് അർഹമായ ശിക്ഷ ലഭ്യമാക്കാൻ സർക്കാർ പ്രതിജ്ഞാബദ്ധമാണ്. അതിനായി നിയമത്തിന്റെ എല്ലാ സാധ്യതകളും തേടും. അതിനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. കോഴിക്കോട് വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2017 മാർച്ച് 20ന് അർദ്ധരാത്രിയാണ് ചൂരി പഴയ ജുമാ മസ്ജിദിനോട് ചേർന്നുള്ള വാസസ്ഥലത്ത് വെച്ച് കുടക് സ്വദേശിയും കാസർകോട് പഴയചൂരി പള്ളിയിലെ മദ്രസാധ്യാപകനുമായിരുന്ന റിയാസ്മൗലവി കൊല്ലപ്പെടുന്നത്. ബേക്കൽ കോസ്റ്റൽ സർക്കിൾ ഇൻസ്പെക്ടർ ആണ് ആദ്യം കേസന്വേഷണം നടത്തിയത്.
കാസർഗോഡ് പോലീസ് സ്റ്റേഷനിൽ പോലീസ് എഫ് ഐ ആർ രജിസ്റ്റർ ചെയ്തു. അന്ന് തന്നെ കേസന്വേഷണം സ്പെഷ്യൽ ഇൻവെസ്റ്റിഗേഷൻ ടീമിനെ ഏൽപ്പിച്ചു. കണ്ണൂർ ക്രൈം ബ്രാഞ്ച് എസ് പി ഡോ. ശ്രീനിവാസൻ ഐ പി എസിന്റെ നേതൃത്വത്തിലുളള സംഘമാണ് പിന്നീട് കേസന്വേഷണം നടത്തിയത്.