ബംഗളൂരു: ബംഗളൂരു രാമേശ്വരം കഫെ സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് പ്രത്യേക അറിയിപ്പ് പുറത്തിറക്കി ദേശീയ അന്വേഷണ ഏജൻസി. സ്ഫോടന ക്കേസുമായി ബന്ധപ്പെട്ട് ആരെയും ഇതുവരെ അറസ്റ്റ് ചെയ്തിട്ടില്ലെന്ന് എൻഐഎ വക്താവ് വ്യക്തമാക്കി. ബെംഗളൂരു രാമേശ്വരം കഫെയിലുണ്ടായ സ്ഫോടനവുമായി ബന്ധപ്പെട്ട് അഭ്യൂഹങ്ങൾ പ്രചരിപ്പിക്കരുതെന്നും എൻഐഎ അറിയിച്ചു. സ്ഫോടനക്കേസുമായി ബന്ധപ്പെട്ട് ഒരാൾ കസ്റ്റഡിയിലായെന്ന് നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു. ഇതിനുപിന്നാലെയാണ് ഇക്കാര്യം തള്ളിക്കൊണ്ട് എൻഐഎ വിശദീകരണവുമായി രംഗത്തെത്തിയത്.
വിവിധ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുകൊണ്ടുള്ള അന്വേഷണമാണ് പുരോഗമിക്കുന്നത്. നേരത്തെ പ്രതിയുടെ സിസിടിവി ദൃശ്യങ്ങളും എൻഐഎയ്ക്ക് ലഭിച്ചിരുന്നു. നഗരത്തിലെ വിവിധ സിസിടിവികൾ പരിശോധിച്ചതിൽ നിന്ന് പ്രതി പല ബിഎംടിസി ബസ്സുകൾ മാറിക്കയറിയിരുന്നെന്ന് കണ്ടെത്തിയിരുന്നു. ശേഷം തുമക്കുരുവിലെത്തിയ പ്രതി അവിടെ വച്ച് വസ്ത്രം മാറി. ഒരു ആരാധനാലയത്തിൽ കയറി. തിരിച്ചിറങ്ങിയ ശേഷം ബെല്ലാരിയിലേക്കുള്ള ബസ്സ് കയറിയെന്നും എൻഐഎ അന്വേഷണത്തിൽ വ്യക്തമായിട്ടുണ്ട്. എന്നാൽ, പ്രതിയെയോ കേസുമായി ബന്ധപ്പെട്ട് മറ്റാരെയെങ്കിലോ പിടികൂടിയിട്ടില്ലെന്നാണ് അധികൃതർ പറയുന്നത്.
വിവിധ ഐസിസ് ഗൂഢാലോചനക്കേസുകളിൽ അറസ്റ്റിലായ പ്രതികളെ എൻഐഎ ജയിലിലെത്തി കസ്റ്റഡിയിലെടുത്ത് വിശദമായി ചോദ്യം ചെയ്തിരുന്നു. 2023 ഡിസംബറിൽ ബെല്ലാരി ഐസിസ് മൊഡ്യൂൾ കേസിൽ അറസ്റ്റിലായ മിൻഹാജ് അഥവാ മുഹമ്മദ് സുലൈമാൻ എന്നയാളിൽ നിന്നും വിവരം തേടിയിരുന്നു. മാർച്ച് ഒന്നിനാണ് ബെംഗളുരു നഗരത്തെത്തന്നെ ഞെട്ടിച്ച് ബ്രൂക്ക് ഫീൽഡിലുള്ള രാമേശ്വരം കഫേയിൽ ബോംബ് സ്ഫോടനമുണ്ടായത്.