ആലപ്പുഴ: കായംകുളത്ത് ഗുണ്ടാ സംഘം യുവാവിനെ തട്ടിക്കൊണ്ടു പോയി റെയിൽവേ ക്രോസ്സിൽ ഇട്ട് വെട്ടിക്കൊല്ലാൻ ശ്രമിച്ചു. ഓച്ചിറ സ്വദേശി അരുൺ പ്രസാദിനെയാണ് ഗുണ്ടാ സംഘം തട്ടിക്കൊണ്ടുപോയത്. മർദ്ദിച്ചവശനാക്കിയ ശേഷം റെയിൽവേ ക്രോസിലിട്ട് വെട്ടി കൊല്ലാനായിരുന്നു ശ്രമം. വടിവാളുകളുമായി ഭീഷണിപ്പെടുത്തിയ സംഘം മർദ്ദനത്തിന് ശേഷം യുവാവിനെ സ്ഥലത്ത് ഉപേക്ഷിച്ച് കടന്നുകളയുകയായിരുന്നു. സംഭവത്തിൽ മൂന്ന് പേർ പൊലീസ് പിടിയിലായി. കൃഷ്ണപുരം സ്വദേശികളായ അമൽ ചിന്തു, അഭിമന്യു, അനൂപ് ശങ്കർ എന്നിവരാണ് പിടിയിലായത്. യുവാവിനെ മർദിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകർത്തിയിരുന്നു. ഈ ദൃശ്യങ്ങളും പുറത്ത് വന്നു.
മൂന്ന് ദിവസം മുമ്പ് നടന്ന ചില സംഭവങ്ങളാണ് പ്രശ്നങ്ങളുടെ തുടക്കം. അരുണ്‍പ്രസാദും ഗുണ്ടകളും തമ്മിൽ കായംകുളത്ത് വെച്ച് മദ്യപാനത്തിടെ സംഘർഷമുണ്ടായി. അനൂപ് ശങ്കറിനെ കുറച്ച് നാൾ മുമ്പ് കൊല്ലത്തെ ഒരു ഗുണ്ടാ സംഘം കൊലപ്പെടുത്താൻ ശ്രമിച്ചിരുന്നു. ഈ സംഘവുമായി അരുണ്‍പ്രസാദിന് ബന്ധമുണ്ടെന്നാരോപിച്ച് പ്രശ്നങ്ങളുണ്ടായി. പൊലീസ് എത്തി അരുണ്‍പ്രസാദടക്കം രണ്ട് പേരെ സ്റ്റേഷനിലേക്ക് കൊണ്ട് പോയി. ഇതിനിടയിൽ ഗുണ്ടാ സംഘത്തില്‍പ്പെട്ട രാഹുലിന്‍റെ ഫോൺ അരുണ പ്രസാദ് പൊലീസുകാരെ ഏല്‍പ്പിച്ചു. ഇതിന്‍റെ വൈരാഗ്യം തീർക്കാൻ അരുണിനെ ഓച്ചിറയിൽ നിന്ന് ബൈക്കിൽ കായംകുളത്ത് എത്തിച്ച് റെയിൽ വേ ട്രാക്കിലിട്ട് ക്രൂരമായി മര്‍ദ്ദിക്കുകയായിരുന്നു. വടിവാൾ അടക്കമുള്ള ആയുധങ്ങളുമായി ആക്രമിക്കുന്നത് ഗുണ്ടകൾ തന്നെ മൊബൈലിൽ പകര്‍ത്തി.
മർദ്ദനമേറ്റ അരുണ്‍പ്രസാദ് ഓച്ചിറ സ്റ്റേഷനിൽ പരാതി നല്‍കി. ഇതിനിടെ മറ്റൊരു കേസിൽ വാറന്‍റുള്ള അനുപ് ശങ്കറിനെ കായംകുളം പൊലീസ് പിടികൂടി. മൊബൈൽ ഫോൺ പരിശോധിച്ചപ്പോഴാണ് അരുണിനെ മർദ്ദിക്കുന്ന ദൃശ്യങ്ങൾ ലഭിച്ചത്. തുടർന്ന് ഓച്ചിറ സ്റ്റേഷനിലെ കേസ് കായംകുളത്തേക്ക് മാറ്റി.സംഘത്തിലുള്‍പ്പെട്ട അമൽ ചിന്തു, അഭിമന്യു എന്നിവരേയും പിടികൂടി. മർദ്ദന ത്തിൽ അരുണിന്റെ വലത് ചെവിയുടെ കേള്‍വി ശക്തി നഷ്ടപ്പെട്ടു. അരുണിന്‍റെ ഐഫോണും വാച്ചും പ്രതികൾ കവർന്നിട്ടുണ്ട്.