ഇന്ന് മാധ്യമ സ്വാതന്ത്യ ദിനം
ഒരു രാജ്യത്തിന്റെ വികസനത്തിന് മാധ്യമങ്ങൾ വിലങ്ങു തടിയാണെന്ന് പറഞ്ഞാൽ അതിനെ പൂർണമായി തള്ളാൻ ഒരു ഭരണാധികാരിയും തയ്യാറായേക്കില്ല. കാരണം ഭരണാധികാരികളെ പലപ്പോഴും നിയന്ത്രിക്കുന്നത് മാധ്യമങ്ങളുടെ ശക്തമായ ഇടപെടലാണ്. മാധ്യമ സ്വാതന്ത്ര്യത്തിന് വേണ്ടി എല്ലാവരും ഒരുപോലെ സംസാരിക്കുമ്പോഴും അങ്ങ് അമേരിക്ക മുതൽ ഇന്ത്യയിലെ കൊച്ചു സംസ്ഥാനമായ കേരളത്തിൽ വരെ മാധ്യമങ്ങളെ അകറ്റി നിർത്താൻ ഭരണാധികാരികൾ പ്രത്യേകം ശ്രദ്ധിക്കാറുണ്ട്.
കേരളത്തിൽ മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ അടുക്കള വരെ മാധ്യമങ്ങൾ പ്രവേശിച്ച അനുഭവത്തിന്റെ അടിസ്ഥാനത്തിൽ ഇന്ന് ചെന്നാൽ ക്ലിഫ് ഹൗസിന്റെ മുമ്പിലെ ഗേറ്റിൽ കാത്ത് നിൽക്കേണ്ട ഗതികേടാണ് മാധ്യമങ്ങൾക്ക്. ബി ബി സി റെയ്‌ഡിനെക്കുറിച്ച് വാചാലമായി സംസാരിക്കുന്ന മുഖ്യമന്ത്രിയോട് മാധ്യമങ്ങൾക്ക് എന്തെങ്കിലും ചോദിക്കണമെങ്കിൽ പത്ര സമ്മേളനത്തിന്റെ അവസാന പത്തു മിനുട്ട് വരെ കാത്തിരിക്കണം. മാധ്യമങ്ങളോട് സംസാരിച്ചെന്ന പേരുമായി അതേസമയം മുഖ്യമന്ത്രിക്ക് ഒന്നും വ്യക്തമായി പറയേണ്ടിയും വരുന്നില്ല. പത്രസമ്മേളനത്തിലല്ലാതെ താൻ വാ തുറക്കില്ലെന്ന് 2016ൽ പ്രഖ്യാപിച്ചതോടെ പിണറായി എക്കാലത്തും സേഫ് ആണ് താനും.
മാധ്യമങ്ങൾ എന്ന് പറഞ്ഞാൽ അതെന്താണെന്ന് തിരിച്ചു ചോദിക്കുന്ന ഒരു പ്രധാനമന്ത്രിയാണ് നമ്മുടെ മറ്റൊരു സ്വത്ത്. എല്ലാം ‘മൻ കി ബാത്തിലൂടെ ‘ മൂപ്പർ പറഞ്ഞോളും. മാധ്യമങ്ങൾ അത് കേട്ട് എഴുതുക മാത്രമേ വേണ്ടു. നമ്മുടെ പ്രധാനമന്ത്രിയെ ഒന്ന് കണി കാണാൻ കിട്ടിയിരുന്നെങ്കിൽ എന്ന് ആഗ്രഹിക്കാത്ത ഏത് മാധ്യമ പ്രവർത്തകരുണ്ട്.
നമ്മുടെ നാട്ടിൽ മാത്രമേ ഇങ്ങനെ ഉള്ളൂ എന്നാണോ കരുതിയത്. തെറ്റി. ‘ലോക പോലീസ്’ ഓ ഇന്ന് അങ്ങനെ ഒക്കെ ആരേലും പറയോ. ആ ന്നാലും ആ അമേരിക്കയുടെ പ്രസിഡണ്ടായിരുന്ന ഡോണൾഡ് ട്രമ്പും മാധ്യമങ്ങൾക്കെതിരെ പ്രതികരിച്ചതും അത്ര നല്ല രീതിയിലല്ല. മാധ്യമപ്രവർത്തകരെ അധിക്ഷേപ്പിച്ചും അവഹേളിച്ചും നിരവധി പത്ര സമ്മേളനത്തിൽ സംസാരിക്കുകയുണ്ടായി. ചോദ്യം ചോദിക്കാൻ തുടങ്ങിയാൽ അത് തനിക് അലോസരമുണ്ടാക്കുമെന്നറിയുന്നത്തോടെ അവർക്കെതിരെ കമെന്റുകൾ നടത്തി ശ്രദ്ധ മാറ്റുന്നതാണ് ട്രമ്പിന്റെ തന്ത്രം. അധികാരികൾ എക്കാലത്തും മാധ്യമങ്ങളെ ഭയക്കും. ജനാധിപത്യ രാജ്യത്തും അല്ലാത്തിടത്തും ഒരുപോലെയാണ് കാര്യങ്ങൾ. പക്ഷെ മാധ്യമങ്ങൾ ചോദ്യങ്ങൾ ചോദിക്കാൻ ഉത്തരവാദിത്തപ്പെട്ടവരാണ് താനും.