മഞ്ചേരി: മഞ്ചേരിയിൽ എം.ഡി.എം.എ യുമായി രണ്ട് പേർ പിടിയിലായി… പ്രദേശത്ത് വിൽപ്പനയ്ക്കെത്തിച്ച എംഡിഎംഎയാണ് പിടികൂടിയത്…മലപ്പുറം കോഡൂർ സ്വദേശി പിച്ചൻമടത്തിൽ ഹാഷിം (25), കോട്ടക്കൽ പുത്തൂർ അരിച്ചോൾ സ്വദേശി പതിയിൽ മുഹമ്മദ് മുബഷിർ (22) എന്നിവരാണ് മഞ്ചേരി പൊലീസിന്റെ പിടിയിലായത്.ഇവരിൽനിന്ന് 30,000 രൂപയോളം വിലവരുന്ന 10.35 ഗ്രാം എം.ഡി.എം.എ പിടിച്ചെടുത്തു. തിങ്കളാഴ്ച ഉച്ചയോടെ മേലാക്കത്തുനിന്നാണ് പിടിയിലായത്. ബംഗളൂരുവിൽനിന്ന് മലപ്പുറത്തേക്ക് ലഹരിമരുന്ന് കടത്തുന്ന സംഘത്തിലെ പ്രധാനികളാണ് ഇവരെന്ന് പൊലീസ് പറഞ്ഞു.കഴിഞ്ഞ വർഷം ബംഗളൂരുവിൽനിന്ന് എം.ഡി.എം.എ കടത്തുന്നതിനിടെ വയനാട് മുത്തങ്ങയിൽവച്ച് ഹാഷിം ഉൾപ്പെട്ട നാലംഗ സംഘത്തെ എക്സൈസ് പിടികൂടിയിരുന്നു. ഈ കേസിൽ 10 ദിവസം മുമ്പാണ് ഇയാൾ ജാമ്യത്തിലിറങ്ങിയത്. ഹാഷിമിന്റെ പേരിൽ മലപ്പുറം സ്റ്റേഷനിൽ മോഷണക്കേസും നിലവിലുണ്ട്. പിടിയിലായവരെ വിശദമായി ചോദ്യം ചെയ്യുകയാണ്. ജില്ല പൊലീസ് മേധാവി ശശിധരന് ലഭിച്ച രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ മഞ്ചേരി ഇൻസ്പക്ടർ കെ.എം. ബിനീഷ്, എസ്.ഐ ബസന്ത് എന്നിവരുടെ നേതൃത്വത്തിൽ ഡാൻസാഫ് ടീമും മഞ്ചേരി പൊലീസും ചേർന്നാണ് പ്രതികളെ പിടികൂടി അന്വേഷണം നടത്തുന്നത്.




