ജിദ്ദ: സൗദി അറേബ്യയില്‍ ലുലു റീട്ടെയില്‍ ശൃംഖല വികസിപ്പിക്കുന്നതിന്‍റെ ഭാഗമായി പുണ്യനഗരങ്ങളായ മക്കയിലും മദീനയിലും പുതിയ ഹൈപ്പര്‍മാര്‍ക്കറ്റുകള്‍ ആരംഭിക്കുന്നു. മക്കയില്‍ ഇന്നലെ നടന്ന പുതിയ പദ്ധതികളുടെ കരാര്‍ ഒപ്പിടല്‍ ചടങ്ങിനുശേഷം ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ എം.എ. യൂസുഫലിയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്.മക്ക ജബല്‍ ഒമറിലെ സൂഖുല്‍ ഖലീല്‍-3ൽ ആരംഭിക്കുന്ന സംരംഭം ജബല്‍ ഒമര്‍ ഡവലപ്‌മെൻറ് കമ്പനിയാണ് നിര്‍മാണം പൂര്‍ത്തീകരിക്കുക. മസ്ജിദുല്‍ ഹറമില്‍നിന്ന് നടന്നെത്താവുന്ന അകലത്തിലാണ് ജബല്‍ ഒമര്‍പദ്ധതിയുടെ ഭാഗമായി സാക്ഷാല്‍ക്കരിക്കപ്പെടുന്ന ലുലു ഹൈപ്പര്‍മാര്‍ക്കറ്റ്. ജബല്‍ ഒമര്‍ ഡെവലപ്‌മെന്‍റ് കമ്പനി സി.ഇ.ഒ ഖാലിദ് അല്‍ അമൗദി, അല്‍ മനാഖ അര്‍ബന്‍ പ്രൊജക്ട് ഡവലപ്‌മെന്‍റ് കമ്പനി സി.ഇ.ഒ എൻജി. വലീദ് അഹമ്മദ് അൽ അഹ്മദി, ലുലു ഗ്രൂപ്പ് സൗദി ഡയറക്ടര്‍ ഷഹീം മുഹമ്മദ് എന്നിവര്‍ ലുലു ഗ്രൂപ്പ് ചെയര്‍മാന്‍ യൂസുഫലിയുടെയും മറ്റ് ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ നിര്‍ദിഷ്ട പദ്ധതികളുടെ സംയുക്ത കരാറില്‍ ഒപ്പ് വെച്ചു.




